ന്യൂഡല്‍ഹി: പിഎം നരേന്ദ്ര മോഡി എന്ന ചിത്രത്തില്‍ മോഡിയായി അഭിനയിച്ചതിന് പിന്നാലെ ഗുജറാത്തില്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെയും ഭാഗമായി ബോളിവുഡ് താരം വിവേക് ഒബ്റോയ്. അമിത് ഷായും, രാജ്നാഥ് സിങും , അരുണ്‍ ജെയ്റ്റിലും ഉള്‍പ്പെടെ 40 അംഗങ്ങള്‍ അടങ്ങുന്ന പട്ടികയിലാണ് വിവേക് ഒബ്റോയിയുടെയും പേരുള്ളത്.
അതിനിടെ, ബിജെപി അനുഭാവിയായ വിവേക് ഒബ്റോയ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. രാഹുലിന്റെ ജീവചരിത്ര സിനിമ സംബന്ധിച്ച് സംസാരിക്കവേയായിരുന്നു ഒബ്റോയിയുടെ വിമര്‍ശനം. സിനിമയാക്കാന്‍ എന്ത് ചരിത്രമാണ് രാഹുലിന് ഉള്ളതെന്നായിരുന്നു ഒബ്റോയിയുടെ വിമര്‍ശനം.
അതെസമയം പിഎം നരേന്ദ്ര മോഡിയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം രംഗത്ത് വന്നിട്ടുണ്ട്. കൂടാതെ ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും. റിപ്ലബ്ളിക് പാര്‍ട്ടി ഓഫ് ഇന്ത്യ (ഐ) നേതാവായ സതീഷ് ഗേയ്ക്കുവാദ് ആണ് റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്.
നേരത്തെ ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
അതിനിടെ ചിത്രം ഈ മാസം 12ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ബി ഒമങ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.