ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങിയ രാജസ്ഥാന് ഗവര്‍ണര്‍ കല്യാണ്‍ സിങ്ങിനെതിരേ നടപടിക്ക് ഒരുങ്ങി രാഷ്ട്രപതി. നരേന്ദ്രമോഡിക്കുവേണ്ടിയാണ് കല്യാണ്‍ സിങ്ങ് തെരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങിയത്. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നു കാട്ടിയുള്ള തെരഞ്ഞെടുപ്പു കമ്മിഷന്റെ കത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കൈമാറിക്കഴിഞ്ഞു.
കല്യാണ്‍ സിങ്ങ് അദ്ദേഹം വഹിക്കുന്ന ഭരണഘടനാ പദവിയുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ലംഘിച്ചെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. ചൊവ്വാഴ്ചയാണ് ഇതില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കമ്മിഷന് രാഷ്ട്രപതിക്ക് കത്തയച്ചത്. രാഷ്ട്രപതി ബുധനാഴ്ച കത്ത് ആഭ്യന്തരമന്ത്രാലത്തിനു കൈമാറി.
ഇക്കാര്യത്തില്‍ നടപടിയുണ്ടായാല്‍ സിങ്ങ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് രാഷ്ട്രപതിയുടെ ശുപാര്‍ശ പ്രകാരം നടപടി നേരിടുന്ന ആദ്യ ഗവര്‍ണറാവും. ഇന്ത്യയില്‍ ഇതാദ്യമായാണ് ഗവര്‍ണര്‍ പ്രധാനമന്ത്രിക്കുവേണ്ടി പ്രചാരണത്തിനിറങ്ങി പെരുമാറ്റച്ചട്ടം ലംഘിക്കുന്നത്. ഇപ്പോള്‍ നിലവില്‍വന്ന പെരുമാറ്റച്ചട്ടം ഗവര്ണറുടേതുപോലുള്ള ഭരണഘടനാ പദവി വഹിക്കുന്നവര്‍ക്ക് ബാധകമല്ല. എങ്കിലും രാഷ്ട്രപതിയുടെ ഓഫീസ് ‘ഭരണഘടനാപദവി വഹിക്കുന്ന ആര്‍ക്കും പ്രചാരണം നടത്താന്‍ അനുവാദമില്ലെ’ന്ന് പറഞ്ഞിരുന്നതാണ്.
കഴിഞ്ഞ മാസമാണ് മോഡിയെ വീണ്ടും തെരഞ്ഞെടുക്കണമെന്ന് ആഹ്വാനം ചെയ്ത് കല്യാണ്‍ സിങ്ങ് രംഗത്തെത്തിയത്. ‘നാമെല്ലാം ബിജെപി പ്രവര്‍ത്തകരാണ്. അതിനാല്‍, ബിജെപി ജയിക്കണമെന്നാണ് നാം തീര്‍ച്ചയായും ആഗ്രഹിക്കുന്നത്. മോഡിജി ഒരിക്കല്‍ക്കൂടി പ്രധാന മന്ത്രിയാക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. അത് രാജ്യത്തിനും സമൂഹത്തിനും ആവശ്യമാണ്’ എന്നായിരുന്നു സിങ്ങ് പറഞ്ഞത്.