ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്നാരോപിച്ച് ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി ഒരു കൂട്ടം വ്യാപാരികള്‍. തെക്കെ ഡല്‍ഹിയില്‍ വസ്ത്രങ്ങള്‍ പൊതിഞ്ഞ കവറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം അച്ചടിച്ചതാണ് പരാതിക്ക് കാരണം.
തെക്കെ ഡല്‍ഹിയിലെ സരോജിനി നഗര്‍ മാര്‍ക്കറ്റിലെ വ്യാപാരികളാണ് പരാതിയുമായി രംഗത്തെത്തിയത്. പഴയ ഡല്‍ഹിയിലെ മൊത്തക്കച്ചവടക്കാരില്‍ നിന്ന് വാങ്ങിയ വസ്ത്രങ്ങളുടെ പൊതിയില്‍ മോഡിയുടെ ചിത്രം, ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം കൂടാതെ ‘അച്ഛാ ദിന് ആനെ വാലെ ഹേ’ എന്ന മുദ്രാവാക്യവും അച്ചടിച്ചിട്ടുണ്ട്.
ഉപഭോക്താക്കളില്‍ ചിലര്‍ താന്‍ മോഡിക്ക് വേണ്ടി പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കാന് തീരുമാനിച്ചതെന്ന് വ്യാപാരി വ്യാവസായി അസോസിയേഷന് ഭാരവാഹി പറഞ്ഞു. ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് വസ്ത്രങ്ങള്‍ ഡല്‍ഹി മാര്‍ക്കറ്റില്‍ എത്തുന്നത്. റെയില്‍വേ ടിക്കറ്റില്‍ മോഡിയുടെ ചിത്രം അച്ചടിച്ചതിന് നേരത്തെ ബിജെപിക്കെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു.