ന്യൂഡല്‍ഹി: ഇനി മുതല്‍ മദ്യ കുപ്പികളില്‍ മറ്റൊരു മുന്നറിയിപ്പ് കൂടി ഉണ്ടാകും. മദ്യക്കുപ്പികളില്‍ ‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം’ എന്ന മുന്നറിയിപ്പിനോടൊപ്പം ‘മദ്യപിച്ചു വണ്ടിയോടിക്കരുത്’ എന്നുകൂടിയുണ്ടാവും.
മാത്രവുമല്ല മദ്യം എങ്ങനെ ആരോഗ്യത്തിന് ഹാനികരമാവുന്നു എന്ന വിവരണവും കുപ്പികള്‍ക്ക് പുറമെ ഉണ്ടാവും. കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിട്ടി(ഫസ്സായി)യാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം പുതിയ നിയമം കൊണ്ടുവന്നത്.
ഒരു പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ പുതിയ നിര്‍ദേശം. ഏപ്രില്‍ ഒന്നുമുതല്‍ ഈ നിയമം കര്‍ശനമായി നിലവില്‍ വരുമെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു.
ഡല്‍ഹിയിലെ പൊതുപ്രവര്‍ത്തകനായ പ്രിന്‍സ് സിംഗാളാണ് ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. യുഎസ്എ, കെനിയ, തായ്ലന്ഡ്, മെക്സിക്കോ തുടങ്ങി ഒട്ടേറേ രാജ്യങ്ങളില്‍ ഇത്തരം പരീക്ഷണം വിജയിച്ചിട്ടുണ്ടെന്ന് അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് കോടതി നിര്‍ദേശം മുന്നോട്ടുവെച്ചത്. അത് ഭക്ഷ്യസുരക്ഷ ഗുണനിലവാര അതോറിറ്റി ( ഫസ്സായി) നടപ്പാക്കുകയായിരുന്നു.
വൈന്‍, ബിയര്‍ അടക്കമുള്ള എല്ലാതരം മദ്യത്തിനും ഈ നിയമം ബാധകമാണ്. 200 മില്ലിഗ്രാം വരെയുള്ള കുപ്പികളിലെ ലേബലുകളില്‍ വലിയ ഇംഗ്ലീഷ് അക്ഷരത്തില്‍ ഒന്നര മില്ലിമീറ്റര്‍ വലിപ്പത്തില്‍ കുറയാതെ ഈ മുന്നറിയിപ്പ് പ്രിന്റ് ചെയ്യണം.
200 മില്ലിഗ്രാമിന് മുകളിലുള്ള കുപ്പികളില്‍ ഇതിന്റെ വലിപ്പം മൂന്ന് മില്ലീമീറ്ററാവും. കൂടാതെ ആല്‍ക്കഹോളിന്റെ അളവ്, അലര്‍ജി സംബന്ധമായ മുന്നറിയിപ്പ്, പോഷക വിവരങ്ങള്‍, മറ്റെന്തെങ്കിലും അവകാശവാദങ്ങള്‍ എന്നിവ ഉന്നയിക്കുന്നുണ്ടെങ്കില്‍ അതിന്റെയെല്ലാം വിശദീകരണവും ലേബലിലുണ്ടാവണം. ഏപ്രില്‍ ഒന്നുമുതലാണ് നിയമം നിലവില്‍ വരേണ്ടതെങ്കിലും ഈ മാറ്റം പ്രാവര്‍ത്തികമാക്കാന്‍ ഭക്ഷ്യസുരക്ഷ ഗുണനിലവാര അതോറിറ്റി മദ്യക്കമ്പനികള്‍ക്ക് ഒരു വര്‍ഷത്തെ സമയം നല്‍കിയിട്ടുണ്ട്.