ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രഖ്യാപിച്ചതോടെ വയനാട്ടില്‍ പാകിസ്താന് പതാകകള്‍ വീശി ആഘോഷം നടന്നുവെന്ന നുണപ്രചരണവുമായി സുപ്രീം കോടതിയിലെ ബിജെപി ലീഗല്‍ സെല്‍ സെക്രട്ടറിയും സംഘപരിവാര്‍ സംഘടനയായ പൂര്‍വാഞ്ചല്‍ മോര്‍ച്ച ഡല്‍ഹി സംസ്ഥാന സെക്രട്ടറിയുമായ പ്രേരണകുമാരി. മുസ്ലീം ലീഗ് നടത്തിയ സന്തോഷപ്രകടനമാണ് പാകിസ്താന് പതാക വീശിയുള്ള പ്രകടനം എന്ന് തെറ്റിദ്ധരിപ്പിച്ച് പ്രേരണാകുമാരി ട്വീറ്റ് ചെയ്തത്.
‘ഞെട്ടിപ്പിക്കുന്നത്’ എന്ന് വിശേഷിപ്പിച്ചാണ് മുസ്ലീം ലീഗിന്റെ പ്രകടനദൃശ്യങ്ങള്‍ പ്രേരണാകുമാരി ട്വീറ്റ് ചെയ്തത്. കോണ്‍ഗ്രസ് എന്തിനാണ് വയനാട് തെരഞ്ഞെടുത്തത് എന്നിപ്പോള്‍ മനസിലായില്ലേ എന്നും പ്രേരണാ കുമാരി ചോദിക്കുന്നു. ശബരിമല യുവതീ പ്രവേശനം വേണം എന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്കിയ കേസ് നടത്തിയ അഞ്ച് പേരില്‍ ഒരാളാണ് പ്രേരണാകുമാരി.
നിരവധി പേരാണ് പ്രേരണാകുമാരിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തത്. പാകിസ്താന്റെ കൊടിയല്ല മുസ്ലീം ലീഗിന്റെ കൊടിയാണ് എന്ന് നിരവധി പേര് ചൂണ്ടിക്കാണിച്ചെങ്കിലും പ്രേരണാകുമാരി അതിനോട് പ്രതികരിച്ചിട്ടില്ല.
രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെ ഹിന്ദു കാര്‍ഡ് ഇറക്കിയിരിക്കുകയാണ് ബിജെപി. നേരത്തെ മോഡിയും രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം വര്‍ഗീയ വത്കരിച്ചിരുന്നു. ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കോണ്‍ഗ്രസിന് ഭയമാണെന്നും വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെപ്പറ്റി മോഡി പറഞ്ഞിരുന്നു.
Shocking.. Rahul to Contest elections in Wayanad,Kerala.
Look who is celebrating in Wayanad waving Pakistan flags. Now you know why Congress selected this constituency.@narendramodi @byadavbjp @kumarnandaj @msunilbishnoi @AnilNPillai32 pic.twitter.com/WnFTe5yi0J— Chowkidar Prerna (@PrernakumariAdv) March 27, 2019