ന്യൂഡല്‍ഹി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഎസ്പി അധ്യക്ഷ മായാവതി. ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ ബിഎസ്പിക്കുള്ളില് ചാരനായി കടത്താന്‍ ബിജെപി ശ്രമിച്ചെന്ന് മായാവതി ആരോപിച്ചു. ട്വീറ്റിലൂടെയായിരുന്നു മായാവതിയുടെ വിമാര്‍ശനം.
ബിജെപിയുടെ ഗൂഡാലോചനയുടെ ഫലമായാണ് ഭീം ആര്‍മി രൂപംകൊണ്ടത്. ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ ചാരനായി ബിഎസ്പിക്കുള്ളില് കടത്താന്‍ ബിജെപി ശ്രമിച്ചെങ്കിലും ഗൂഡാലോചന പൊളിഞ്ഞുവെന്നും മായാവതി പറഞ്ഞു.
വാരണാസിയില്‍ മോഡിക്കെതിരെ ചന്ദ്രശേഖര്‍ ആസാദിനെ മത്സരിപ്പിക്കുന്നതും ബിജെപിയുടെ തന്ത്രമാണ്. ബിജെപി വിരുദ്ധ വോട്ടുകളും ദളിത് വോട്ടുകളും ഭിന്നിപ്പിക്കുന്നതിനാണ് ആസാദ് മത്സരിക്കാന്‍ എത്തുന്നത്. ആസാദ് നടത്തുന്നത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
സ്വേഛാധിപത്യം ഒഴിവാക്കുന്നതും ദളിത്, ഒബിസി, ന്യൂനപക്ഷ വിരുദ്ധ ബിജെപിയെ ഭരണത്തില്‍നിന്നും പുറത്താക്കുക എന്നതും ദേശീയ താല്പര്യത്തിന് അനിവാര്യമായ കാര്യമാണ്. വോട്ട് പാഴാകില്ലെന്ന് ഉറപ്പുവരുത്തണം. ഇത് തന്റെ അഭ്യര്‍ഥനയാണെന്നും മായാവതി ട്വീറ്ററില്‍ കുറിച്ചു.