ന്യൂഡല്‍ഹി: മിഷന് ശക്തിയുമായി ബന്ധപ്പെട്ട് രാജ്യത്തെ അഭിസംഭോധന ചെയ്ത് സംസാരിച്ചതില്‍ പ്രധാനമന്ത്രിക്ക് ഇലക്ഷന് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. പ്രധാനമന്ത്രിയുടെ അഭിസംബോധനയില്‍ യാതൊരുവിധ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനവും നടന്നിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. ഔദ്യോഗിക മാധ്യമങ്ങളെ മോഡി ഇതിനായി ദുരുപയോഗം ചെയ്തില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് കണ്ടെത്തി. തെരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഉപഗ്രഹവേധ മിസൈല്‍ ശേഷിയുള്ള നാലാമത്തെ രാജ്യമാണ് ഇന്ത്യ എന്ന് മാത്രമാണ് പ്രധാനമന്ത്രി പറഞ്ഞത്, ഇത് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമായി കണക്കാക്കാനാകില്ല. ദൂരദര്‍ശനോ,ആള് ഇന്ത്യ റേഡിയോയോ പ്രധാനമന്ത്രി ദുരുപയോഗം ചെയ്തില്ല. വാര്‍ത്ത ഏജന്‍സി നല്കിയ വീഡിയോയാണ് ദൂരദര്ശന് നല്‍കിയത്. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള പരാമര്‍ശങ്ങളോ പ്രഖ്യാപനങ്ങളോ പ്രധാനമന്ത്രി നടത്തിയില്ല-കമ്മീഷന് വിലയിരുത്തി.
തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പരാതിയെ തുടര്‍ന്നാണ് മോഡിയുടെ പ്രസംഗം പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഒരു പാനലിനെ നിയമിച്ചത്. ഇവരുടെ അന്വേഷണത്തിലാണ് ചട്ടലംഘനം നടന്നിട്ടില്ലെന്ന് കണ്ടെത്തിയത്.
സിപിഎം നേതാവ് സീതാറാം യെച്ചൂരിയാണ് മോഡിയുടെ പ്രസംഗം തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. മാര്‍ച്ച് 27ന് ഉച്ച കഴിഞ്ഞാണ് ശാസ്ത്ര നേട്ടം സര്‍ക്കാര്‍ നേട്ടമാക്കി ചിത്രീകരിച്ച് മോഡി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.