ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെ മോഡിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്ക് ‘ലോക നാടക ദിനാശംസകള്‍’ നേരുന്നുവെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് ഓര്ഗനൈസേഷന് അഭിനന്ദനം അറിയിക്കുന്നതിനൊപ്പമായിരുന്നു രാഹുല്‍ മോഡിയെ പരിഹസിച്ചത്.
‘അഭിനന്ദനങ്ങള്‍ ഡിആര്‍ഡിഒ, നിങ്ങളുടെ ജോലിയില്‍ അഭിമാനിക്കുന്നു. പ്രധാനമന്ത്രിക്ക് ലോക നാടക ദിനാശംസകള്‍ നേരാനും ആഗ്രഹിക്കുന്നു.’ രാഹുല്‍ ട്വീറ്റ് ചെയ്തു.
Well done DRDO, extremely proud of your work.
I would also like to wish the PM a very happy World Theatre Day.
— Rahul Gandhi (@RahulGandhi) March 27, 2019
മണിക്കൂറുകള്‍ക്ക് മുമ്പാണ് മോഡി രാജ്യത്തെ അഭിസംബോധന ചെയ്ത് ഇന്ത്യ കൈവരിച്ച ബഹിരാകാശ നേട്ടം ജനങ്ങളെ അറിയിച്ചത്. മിഷന് ശക്തി എന്നാണ് ദൗത്യത്തിന് പേരിട്ടതെന്നും ഇതിന്റെ ഭാഗമായി ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാന്‍ കഴിയുന്ന ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചെന്നുമാണ് മോഡി രാജ്യത്തെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പരിഹാസ ട്വീറ്റ്.
അതിനിടെ ശാസ്ത്ര ലോകത്തിന്റെ നേട്ടം സര്‍ക്കാര്‍ നേട്ടമായി ചിത്രീകരിച്ചത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും വിമര്‍ശനവുമായി രംഗത്ത് വന്നു. രാജ്യം നേരിടുന്ന പ്രശ്നങ്ങളെയെല്ലാം അവഗണിച്ച് ജനങ്ങളുടെ ശ്രദ്ധ ആകാശത്തേക്ക് കേന്ദ്രീകരിക്കാനാണ് മോഡി ശ്രമിക്കുന്നതെന്നാണ് അഖിലേഷ് യാദവ് പ്രതികരിച്ചത്.
ചട്ട ലംഘനം നടത്തിയ മോഡിയെ തെരഞ്ഞെടുപ്പില്‍ നിന്ന് അയോഗ്യനാക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയിലും ശക്തമായി ഉയരുന്നുണ്ട്. ലോക നാടക ദിനം കൂടിയാണ് മാര്‍ച്ച് 27.