മധുര: മുന്‍ സിനിമാ നടിയും ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായ ഹേമ മാലിനി ശതകോടീശ്വരി. ഇവരുടെ ആസ്തി 101 കോടിയാണ്. 34.6 കോടിയുടെ വര്‍ധനവാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഹേമ മാലിനിയുടെ ആസ്തിയില്‍ ഉണ്ടായിരിക്കുന്നത്.
ഹേമ മാലിനി മത്സരിക്കുന്നത് മധുര ലോക്സഭാ സീറ്റിലേക്കാണ്. കൂടാതെ നിലവില്‍ മണ്ഡലത്തില്‍ നിന്നുള്ള സിറ്റിങ്ങ് എംപി കൂടിയാണ് ഹേമ മാലിനി. ഹേമ മാലിനി തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ സത്യവാങ്ങ്മൂലത്തിലാണ് ആസ്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സമയത്ത് നല്കിയ സത്യവാങ്ങ്മൂലത്തില്‍ നടിയുടെ ആസ്തി കാണിച്ചിരുന്നത് 66 കോടി രൂപയാണ്. ഇപ്പോള്‍ നല്കിയ സത്യവാങ്ങ്മൂലത്തില്‍ ഇവരുടെ ഭര്‍ത്താവും നടനുമായ ധര്മേന്ദ്രസിങ്ങ് ദിയോളിന്റെ ആസ്തിയും വര്‍ധിച്ചിട്ടുണ്ട്. 12.30 കോടി രൂപ വര്‍ധിച്ച് 123.85 കോടിയാണ് ധര്‍മേന്ദ്രസിങ്ങിന്റെ ആസ്തി.
കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ആദായ നികുതി റിട്ടേണായി ഇരുവര്‍ക്കും ലഭിച്ചത് 10 കോടിരൂപയാണ്. 2013-2014 സാമ്പത്തിക വര്‍ഷത്തില്‍ ഹേമ മാലിനിയുടെ വാര്‍ഷിക വരുമാനം 15.93 ലക്ഷം രൂപയായിരുന്നുവെങ്കില്‍ 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ അത് 1.19 കോടിയായി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഹേമ മാലിനി 9.87 കോടിയും ഭര്‍ത്താവ് ധര്‍മേന്ദ്ര സിങ്ങ് 9.73 കോടിയും സമ്പാദിച്ചിട്ടുണ്ടെന്നാണ് സത്യവാങ്ങ്മൂലത്തില്‍ പറയുന്നത്. കൂടാതെ ഹേമ മാലിനി വിദ്യാഭ്യാസ യോഗ്യതയായി കാണിച്ചിരിക്കുന്നത് പിഎച്ച്ഡി ബിരുദമാണ്.