ലക്നൗ; ഉത്തര്‍പ്രദേശിലെ എസ്പി-ബിഎസ്പി-രാഷ്ട്രീയ ലോക്ദള്‍ മഹാഗത്ബന്ധന് സഖ്യത്തിലേക്ക് കൂടുതല്‍ പാര്‍ട്ടികള്‍ എത്തുന്നു. ഉത്തര്‍പ്രദേശിനെ ബിജെപിയില്‍ നിന്ന് പിടിച്ചെടുക്കാന്‍ നിഷാദ് പാര്‍ട്ടിയും, ജന്‍വാദി (സോഷ്യലിസ്റ്റ്)പാര്‍ട്ടിയും, രാഷ്ട്രീയ സമതാ ദള്‍ പാര്‍ട്ടിയും സഖ്യത്തിന്റെ ഭാഗമാകുമെന്ന് എസ്പി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അഖിലേഷ് ഇക്കാര്യം വ്യക്തമാക്കിയത്. ചടങ്ങില്‍ നിഷാദ് പാര്‍ട്ടിയിലെ ഡോ.സജ്ഞയ് നിഷാദും, ജന്‍വാദി സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ ഡോ.സജ്ഞയ് ചൗഹാനും പങ്കെടുത്തിരുന്നു. മഹാഗത്ബന്ധന് എല്ലാ പിന്തുണയും നല്‍കുമെന്ന് ഇരു നേതാക്കളും വ്യക്തമാക്കി.
അതേസമയം നിഷാദ് പാര്‍ട്ടിയും, ജന്‍വാദി (സോഷ്യലിസ്റ്റ്)പാര്‍ട്ടിയും, രാഷ്ട്രീയ സമതാ ദള്‍ പാര്‍ട്ടിയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ല. ഉത്തര്‍പ്രദേശിലെ ആകെയുള്ള 80 സീറ്റുകളില്‍ സഖ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.
എസ്പി 37 സീറ്റുകളിലും ബിഎസ്പി 38 സീറ്റുകളിലും ആര്‍എല്‍ഡി 3 സീറ്റുകളിലുമാണ് മത്സരിക്കുക. രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസിനായി മാറ്റി ഒഴിച്ചിട്ടിരിക്കുകയാണ്.
സോണിയ ഗാന്ധി മത്സരിക്കാന്‍ ഇടയുള്ള റായ്ബറേലിയും രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠിയുമാണ് ഒഴിച്ചിട്ടിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ഏപ്രില്‍ 11 ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായിട്ടാണ് നടക്കുന്നത്. മെയ് 19 തെരഞ്ഞെടുപ്പ് അവസാനിച്ച് മെയ് 23 വോട്ടെടുപ്പ് നടക്കും.