മുംബൈ: ശമ്പള കുടിശിക ഉടന്‍ തീര്‍ത്തില്ലെങ്കില്‍ പണിമുടക്കുമെന്ന് ജെറ്റ് എയര്വെയ്സിലെ പൈലറ്റുമാര്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസത്തെ ശമ്പള കുടിശിക തീര്‍ക്കണമെന്നാണ് ആവശ്യം. മാര്‍ച്ച് അവസാനത്തോടെ കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ പണിമുടക്കാനാണ് പൈലറ്റുമാരുടെ തീരുമാനം.
ജെറ്റ് എയര്‍വെയ്സ് വിമാനങ്ങളുടെ കൂട്ട റദ്ദാക്കലിനെത്തുടര്‍ന്ന് ബന്ധപ്പെട്ട അധികൃതരുടെ അടിയന്തരയോഗം വിളിച്ചുചേര്‍ക്കാന്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭു മന്ത്രാലയ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കുടിശ്ശിക ഉടന്‍ തീര്‍ക്കണമെന്നും ഇല്ലെങ്കില്‍ പണിമുടക്കിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുമായി പൈലറ്റുമാര്‍ രംഗത്തെത്തിയത്.
ജെറ്റ് എയര്‍വെയിസിന് ആകെ 119 വിമാനങ്ങളാണ് ഉള്ളത്. എന്നാല്‍ ജീവനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിലവില്‍ 41 വിമാനങ്ങള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. ശമ്പളം ലഭിക്കാന്‍ വൈകുന്നത് മാനസിക പ്രയാസമുണ്ടാക്കുന്നവെന്നും ഇത് ജോലിയേയും വിമാനങ്ങളുടെ സുരക്ഷയേയും ബാധിച്ചേക്കുമെന്നും ചൂണ്ടിക്കാട്ടി ജെറ്റ് എയര്‍വെയ്സ് എന്‍ജിനിയര്‍മാരുടെ സംഘടന സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിനും കത്തയച്ചിരുന്നു.