പൊള്ളാച്ചി; പൊള്ളാച്ചി പീഡനത്തിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം കനക്കുന്നു. ഇരയുടെ പേരു വെളിപ്പെടുത്തിയ പോലീസ് സൂപ്രണ്ടന്റ് പി. പാണ്ടിരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിടണം എന്ന് ആവശ്യപ്പെട്ട് നൂറോളം വരുന്ന അഭിഭാഷകര്‍ കോടതി നടപടികള്‍ ബഹിഷ്കരിച്ചു.
കോയമ്പത്തൂര്‍ ബാര്‍ കൗണ്‍സില്‍ അംഗങ്ങളായ 100 അഭിഭാഷകരാണ് കോടതി നടപടികള്‍ ബഹിഷ്കരിച്ചത്. നടപടികള്‍ ബഹിഷ്കരിച്ച അഭിഭാഷകര്‍ കോടതിക്ക് പുറത്ത് നിന്ന് പ്രതിഷേധിച്ചു. ഇരയുടെ പേര് വെളിപ്പെടുത്തിയതിനും പ്രതിയെ സഹായിച്ചതിനും പോലീസ് സൂപ്രണ്ടന്റ് പി. പാണ്ടിരാജനെ ജോലിയില്‍ നിന്നും പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകര്‍ കോടതി നടപടികള്‍ ബഹിഷ്കരിച്ചത്.
സംഭവത്തിലുള്ള പോലീസ് അന്വേഷണം വേഗത്തിലാക്കണമെന്ന് കോയമ്പത്തൂര്‍ ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് ടിവി തേന്മൊഴി പറഞ്ഞു. സമൂഹത്തില്‍ വേദനാജനകമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അതില്‍ നിയമം ഇടപെടുന്നുണ്ടെങ്കിലും അതിന്റെ തുടര്‍നടപടികള്‍ ശരിയായി നടപ്പിലാക്കപ്പെടുന്നില്ല, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വേഗത്തിലുള്ള അന്വേഷണങ്ങളുടെ മേല്‍നോട്ടം വഹിക്കാന്‍ ജഡ്ജിമാര്‍ അധ്യക്ഷനായ സമിതിക്ക് രൂപം നല്‍കണമെന്നും’ അവര്‍ കൂട്ടിച്ചേര്‍ത്തു.
തമിഴ്നാട്ടില്‍ വലിയ പ്രതിഷേധമാണ് പീഡനത്തിനെതിരെ നടക്കുന്നത്. പ്രതികള്‍ക്കെതിരെ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും രംഗത്ത് വന്നിരുന്നു. പ്രതിഷേധ സൂചകമായി പൊള്ളാച്ചിയിലെ വ്യാപാര സ്ഥാപനങ്ങള്‍ ബന്ദ് ആഹ്വാനം ചെയ്തിരുന്നു. സംഭവത്തിനെതിരെ വിവിധ സാമൂഹിക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധിച്ച് രംഗത്ത് വരുകയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റാലികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.