ന്യൂഡല്‍ഹി; ക്രിസ്ത്യന്‍ മതാചാര പ്രകാരമുള്ള പെസഹാ വ്യാഴാഴ്ച് ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ പ്രതിഷേധവുമായി കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ. 13 സംസ്ഥാനങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത് പെസഹാ വ്യാഴാഴ്ചയായ ഏപ്രില്‍ 18 ആണ്. ഇത് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ രംഗത്ത് വന്നിരിക്കുന്നത്. പെസഹാ വ്യാഴാഴ്ചയായ ഏപ്രില്‍ 18 ന് നടത്താനിരുന്ന തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വിസി സെബാസ്റ്റ്യന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയ്ക്ക് കത്തയച്ചു.
അസ്സം, ബിഹാര്‍, ചത്തീസ്ഗഢ്, ജമ്മു കാശ്മീര്‍, കര്‍ണാടക, മഹാരാഷ്ട്ര, മണിപ്പൂര്‍, ഒഡീഷ, തമിഴ്നാട്, ത്രിപുര, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, പുതുച്ചേരി, എന്നിവിടങ്ങളിലാണ് പെസഹാ വ്യാഴത്തിന് തെരഞ്ഞെടുപ്പ് നടക്കുന്നത്.
കൂടാതെ കേന്ദ്ര ഭരണ പ്രദേശമായ ദാദ്രാ നഗര്‍ ഹാവേലിയിലും ദാമന്‍ ദിയുവിലും ദുഃഖ വെള്ളിയുടെ പൊതു അവധി എടുത്ത് കളഞ്ഞതിലും അഡ്വ. വിസി സെബാസ്റ്റ്യന്‍ ഖേദം പ്രകടിപ്പിച്ചു. ദുഃഖ വെള്ളിയാഴ്ചത്തെ പൊതു അവധി യാതൊരു കാരണവുമില്ലാതെ എടുത്ത് മാറ്റിയത് ക്രിസ്ത്യന്‍ സമൂഹത്തിനൊടുള്ള വെല്ലുവിളിയാണെന്നും അഡ്വ. വിസി സെബാസ്റ്റ്യന്‍ കൂട്ടിച്ചേര്‍ത്തു.
പെസഹാ വ്യാഴത്തിന് നടക്കുന്ന തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണം എന്ന് ആവശ്യപ്പെട്ട് നേരത്തെ തമിഴ്നാട് ബിഷപ്പ് കൗണ്‍സിലും രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പ് പെസഹാ വ്യാഴത്തിന് നടത്തിയാല്‍ തെരഞ്ഞെടുപ്പ് ജോലിയിലുള്ള പല ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കും മതപ്രകാരമുള്ള ചടങ്ങില്‍ പങ്കെടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകും. അതുകൊണ്ട് തമിഴ്നാട്ടിലും പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നാണ് ആവശ്യപ്പെട്ട് ബിഷപ്പ് കൗണ്‍സില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്തയച്ചിരുന്നു.