ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. താരം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുവെന്നാണ് അറിയുന്നത്. നിലവില്‍ ബിജെപിയുടെ മീനാക്ഷി ലെക്ഷി പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിലായിരിക്കും ഗംഭീര്‍ മത്സരിക്കുക. ഇതിന് പകരം മീനാക്ഷി ലെക്ഷിക്ക് മറ്റൊരു സീറ്റ് നല്‍കാനാണ് പാര്‍ട്ടി തീരുമാനം.
2014 തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് വേണ്ടി പഞ്ചാബിലെ അമൃത്സറില് ഗൗതം ഗംഭീര്‍ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ താരം നടത്തുന്ന പ്രതികരണങ്ങളും പ്രസ്താവനകളും അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന സൂചനകള്‍ക്ക് ആക്കം കൂട്ടുന്നതാണ്.
എന്നാല്‍ രാഷ്ട്രീയപ്രവേശന വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും പദ്മശ്രീ അവാര്‍ജ് ജേതാവായ ഗൗതം ഗംഭീര്‍ ഇക്കാര്യത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഡിസംബറില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഗംഭീര്‍ ഇപ്പോള്‍ കമന്റേറ്ററായി പ്രവര്‍ത്തിക്കുകയാണ്.