ഔറംഗബാദ്: ഫേസ്ബുക്കില്‍ അവസാന വാക്കുകള്‍ കുറിച്ച് മറാത്ത പ്രക്ഷോഭകരിലൊരാള്‍ കൂടി ആത്മഹത്യ ചെയ്തു. മറാത്ത പ്രക്ഷോഭകരിലൊരാളായ 35 കാരന് പ്രമോദ് ജയ്സിങിന്റെ മൃതദേഹമാണ് മഹാരാഷ്ട്രയിലെ റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെടുത്തത്.
ഞായറാഴ്ച രാത്രിയില്‍ ഔറംഗബാദില്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. രണ്ടു കുട്ടികളുടെ പിതാവായ പ്രമോദ് ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഒരു മറാത്ത കൂടി പോകുന്നു. ബാക്കിയുള്ളവര്‍ പൊരുതിക്കൊണ്ടേയിരിക്കുക.. എന്നു കുറിച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.
ജീവന് അവസാനിപ്പിക്കരുതെന്ന സുഹൃത്തുക്കളുടെ അപേക്ഷകള്‍ക്ക് കാത്തു നില്‍ക്കാതെ പ്രമോദ് മാഞ്ഞു. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ മേഖലയിലും സംവരണം ആവശ്യപ്പെട്ടാണ് മറാത്ത വിഭാഗം സംസ്ഥാനത്ത് വന്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങിയത്.
മഹാരാഷ്ട്ര പബ്ലിക് സര്‍വീസ് കമ്മീഷന് പരീക്ഷകള്‍ക്കായി പ്രമോദ് തയാറെടുത്തു വരികയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ആത്മഹത്യാ വിവരം അറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് ഇയാളുടെ വീടിനു മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്.
മറാത്ത സംവരണ വിഷയത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാടെടുക്കാതെ പ്രമോദിന്റെ മൃതദേഹം മാറ്റില്ല എന്ന കടുത്ത നിലപാടിലാണ് കുടുംബം. മഹാരാഷ്ട്രയെ നിശ്ചലമാക്കിയ പ്രക്ഷോഭത്തിനിടെ മൂന്നു പേര് നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. സര്‍ക്കാര്‍ ജോലികളിലും, വിദ്യാഭ്യാസ മേഖലകളിലും 16 ശതമാനം സംവരണമാണ് മറാത്ത വിഭാഗത്തിന്റെ ആവശ്യം.