ന്യൂഡല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്മ കുത്തനെ കൂടി. ഫെബ്രുവരിയില്‍ 5.9 ശതമാനമായിരുന്നു രാജ്യത്തെ തൊഴിലില്ലായ്മ നിരക്കെന്ന് മുംബൈയിലെ സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ) പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നു.
ഇതോടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്ന് 7.2 ശതമാനത്തിലെത്തിയിരിക്കുകയാണ്. 2016 സെപ്തംബറിനുശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഒരുവര്‍ഷംമുമ്പ് 40.6 കോടിയായിരുന്നു രാജ്യത്ത് തൊഴിലെടുക്കുന്നവരുടെ എണ്ണം. എന്നാല്‍ ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം നിലവില്‍ 40 കോടിയോളം പേരാണ് രാജ്യത്ത് തൊഴിലെടുക്കുന്നതെന്ന് സിഎംഐഇ തലവന്‍ മഹേഷ് വ്യാസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
തൊഴില്‍തേടുന്നവരുടെ എണ്ണം കുറഞ്ഞിട്ടും തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തും മുമ്പ് പ്രതിവര്‍ഷം രണ്ടുകോടി പേര്‍ക്കായിരുന്നു മോഡിസര്‍ക്കാര്‍ തൊഴില്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ അധികാരത്തിലെത്തിയ കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കുംവിധം അടുത്തിടെ പുറത്തുവന്ന രണ്ടാമത്തെ റിപ്പോര്‍ട്ടാണിത്.
സര്‍ക്കാര്‍ പറത്തുവിട്ടതിനെക്കാള് വിശ്വാസയോഗ്യമായ കണക്കാണിതെന്ന് ഒരുവിഭാഗം സാമ്പത്തികവിദഗ്ധര്‍ കരുതുന്നു. തൊഴിലില്ലായ്മ നിരക്കുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് കാലഹരണപ്പെട്ടതാണെന്ന് നിരവധി ആരോപണമുയര്‍ന്നിരുന്നു.