ബംഗളൂരു: ആധാര്‍ സുരക്ഷിതമല്ലെന്ന് തെളിയിക്കാന്‍ വെല്ലുവിളിച്ച ടെലികോം ചെയര്മാന് ആര്‍എസ് ശര്‍മ്മയ്ക്ക് ഹാക്കര്‍മാരുടെ മറ്റൊരു പണി. ശര്‍മ്മയുടെ ആധാറുമായി ബന്ധപ്പെടുത്തിയ ഭീം ആപ്പ്, പേടിഎം തുടങ്ങിയ പേയ്മെന്റ് ആപ്ലിക്കേഷനിലൂടെ ഐഎംപിഎസ് സംവിധാനം ഉപയോഗിച്ച് അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ ഒരു രൂപ വീതം നിക്ഷേപിച്ചാണ് ഹാക്കര്‍മാര്‍ പുതിയ പണി നല്‍കിയിരിക്കുന്നത്. പണം നിക്ഷേപിച്ചതിന്റെ തെളിവായി അതിന്റെ സ്ക്രീന്‍ ഷോട്ടുകളും ഹാക്കര്‍മാര്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
ആധാര്‍ തികച്ചും സുരക്ഷിതമാണെന്ന വാദമുയര്‍ത്തി 12 അക്ക ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തി കഴിഞ്ഞ ദിവസമാണ് ശര്‍മ്മ ഹാക്കര്‍മാരെ വെല്ലുവിളിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സമൂഹമാധ്യമമായ ട്വിറ്ററിലൂടെ തന്നെ വെല്ലുവിളിച്ച ഒരു അക്കൗണ്ടിന് മറുപടിയായി ആധാര്‍ നമ്പര്‍ ശര്‍മ പുറത്തുവിട്ടത്. ആയിരത്തിലധികം പേര് ആ ട്വീറ്റ് റീ ട്വീറ്റും ചെയ്തു. വെല്ലുവിളി ഏറ്റെടുത്ത ഫ്രഞ്ച് സുരക്ഷാ വിദഗ്ദനും ആധാര്‍ പദ്ധതിയുടെ വിമര്‍ശകനുമായ ഏലിയട്ട് ആല്‍ഡേഴ്സണ്‍ പാന്‍ കാര്‍ഡ്, മൊബൈല്‍ നമ്പരുകള്‍, ഇ – മെയില്‍ ഐഡി എന്നിവ പുറത്തുവിടുകയായിരുന്നു.
ഇതിന് ശേഷമാണ് ശര്‍മയുടെ ആധാറുമായി ബന്ധിപ്പിച്ച അഞ്ച് ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും ഉപയോഗിച്ച് ഹാക്കര്‍മാര്‍ തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. പിഎന്‍ബി ബാങ്ക്, എസ്ബിഐ, കൊടക് മഹീന്ദ്ര, ഐസിഐസിഐ എന്നീ ബാങ്കുകളുടെ അക്കൗണ്ട് ഐഎഫ്എസി കോഡുകളാണ് ആധാര്‍ നമ്പര്‍ ഉപയോഗിച്ച് കണ്ടെത്തിയത്. ചിലര്‍ ഈ അക്കൗണ്ടുകളിലേക്ക് ഓരോ രൂപാ വീതം അയച്ചതായും ട്വിറ്ററിലൂടെ വെളിപ്പെടുത്തുകയായിരുന്നു. ഇത്തരത്തില്‍ അക്കൗണ്ടില്‍ എത്തുന്ന പണത്തിന്, അനധികൃത സ്വത്ത് എന്നൊരു വ്യാഖ്യാനം കൂടിയുണ്ടെന്ന് അദ്ദേഹത്തിന് മനസിലാകാനാണ് ഒരു രൂപ നിക്ഷേപിച്ചതെന്ന് ഹാക്കര്‍മാര്‍ വ്യക്തമാക്കി.