ന്യൂഡല്‍ഹി: പാക് കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വൈമാനികന് അഭിനന്ദന് നാളെ ഇന്ത്യയിലേക്ക് എത്തുന്നത് വാക അതിര്‍ത്തിയിലൂടെ. അതിര്‍ത്തിയില്‍ സൈനിക ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സ്വീകരിക്കുമെന്നാണ് വിവരം.
ഇന്ന് വൈകിട്ടോട് കൂടി അഭിനന്ദനെ വിട്ടയക്കുന്ന കാര്യം പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് സംയുക്ത പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. ഇന്ത്യയുമായുള്ള സമാധാന ശ്രമത്തിന്റെ ഭാഗമായാണ് നടപടി. നിരുപാധികമായാണ് അഭിനന്ദനെ പാക്കിസ്ഥാന് മോചിപ്പിക്കുക. അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പാക്കിസ്ഥാന്റെ നടപടിയെന്നാണ് വിവരം.
ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങള്‍ക്ക് അയവുവരുമെങ്കില്‍ അഭിനന്ദനെ തിരിച്ചയക്കാന്‍ തയ്യാറാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി നേരത്തെ വ്യക്തമാക്കിയതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ഫോണില്‍ സംസാരിക്കാന്‍ ഇമ്രാന് ഖാന് തയ്യാറാണെന്നും ഖുറേഷി ജിയോ ടിവിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് അഭിനന്ദനെ വിട്ടയക്കുന്ന കാര്യം ഇമ്രാന് ഖാന് പാര്‍ലമെന്റിനെ അറിയിച്ചത്.
ഇന്നലെയാണ് അഭിനന്ദനെ പാക് സൈന്യം പിടികൂടിയത്. പാകിസ്താന്റെ പ്രകോപനം നേരിടുന്നതിനിടയില്അഭിനന്ദന് പറത്തിയ വിമാനം പാകിസ്താന് വെടിവെച്ചിടുകയായിരുന്നു. പാരച്യൂട്ട് വഴി പാകിസ്താനില്‍ ലാന്‍ഡ് ചെയ്ത അഭിനന്ദനെ പാക് സൈന്യം പിടികൂടുകയായിരുന്നു. പിന്നാലെ അഭിനന്ദനെ പിടികൂടിയ വീഡിയോ പാകിസ്താന് പുറത്തുവിടുകയും ചെയ്തിരുന്നു.