ന്യൂഡല്‍ഹി: അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ മുന്‍ ടെലികോം മന്ത്രി ദയനിധി മാരനും സഹോദരന് കലാനിധി മാരനും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. 2004ല്‍ യുപിഎ സര്‍ക്കാരില്‍ ടെലികോം മന്ത്രിയായിരിക്കെ ദയാനിധി മാരണ് ചെന്നൈയിലെ വീട്ടില്‍ ബിഎസ്എന്‍എല്ലിന്റെ സമാന്തര ടെലിഫോണ്‍ എക്സ്ചെഞ്ച് സ്ഥാപിക്കുകയും ഇവ സണ്‍ ടിവി ഗ്രൂപ്പിനായി ദുരുപയോഗം ചെയ്തെന്നുമാണ് കേസ്.
നേരത്തെ കേസില്‍ സിബിഐ പ്രത്യേക കോടതി ഇവരെ വെറുതെ വിട്ടിരുന്നു. ഈ നടപടി മദ്രാസ് ഹൈക്കോടതി റദ്ദാക്കുകയും സിബിഐ പ്രത്യേക കോടതി തന്നെ കേസില്‍ വിചാരണ നടത്തണമെന്നും ഉത്തരവിട്ടിരുന്നു. 12 ആഴ്ചക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ദയാനിധി മാരണ് സുപ്രീംകോടതിയെ സമീപിച്ചത്.
മാരന് സഹോദരന്മാര്ക്കും രണ്ട് ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍ക്കും സണ്‍ ടിവി ജീവനക്കാര്‍ക്കും എതിരെയാണ് 2017ല്‍ സിബിഐ കുറ്റപത്രം തയാറാക്കിയത്. ബിഎസ്എന്‍എലിന്റെ 364 ലൈനുകള്‍ സണ്‍ ടിവിയുടെ നെറ്റ്വര്‍ക്ക് അപ്ലിങ്കിനായി ഉപയോഗിച്ച് സര്‍ക്കാരിന് 1.78 കോടി രൂപയുടെ നഷ്ടം വരുത്തിയതാണ് കേസ്.