ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന് വര്ധന് പാകിസ്ഥാന് കസ്റ്റഡിയിലുണ്ടെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് പ്രസ്താവനയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.നേരത്തെ പാകിസ്താന്റെ ആക്രമണത്തില്‍ ഇന്ത്യയുടെ മിഗ് വിമാനം നഷ്ടപ്പെട്ടെന്നും ഒരു വ്യോമസേനാ പൈലറ്റിനെ കാണാനില്ലെന്നും വിദേശകാര്യ വക്താവ് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കാണാതായ പൈലറ്റിന്റെ പേര് വ്യക്തമാക്കിയിരുന്നില്ല.
ജനീവ കണ്വന്ഷന് പ്രകാരം സൈനികരോട് കാണിക്കേണ്ട മിനിമം മര്യാദ ഇന്ത്യന്‍ വൈമാനികനായ അഭിനന്ദ് വര്‍ധനോട് പാകിസ്താന് കാണിച്ചില്ലെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താനവയില് കുറ്റപ്പെടുത്തി. പിടിയിലായ അഭിനന്ദനെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്ന വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചത് അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണ്. അപമാനകരവും അപകടകരവുമായ രീതിയില്‍ ആണ് പാകിസ്താനില്‍ നിന്നും പുറത്തു വന്ന വീഡിയോകളിലും ചിത്രങ്ങളിലും അദ്ദേഹത്തെ കണ്ടത്. പാകിസ്താന് കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥന് എല്ലാ സുരക്ഷയും നല്‍കേണ്ട ഉത്തരവാദിത്തം പാകിസ്ഥാനുണ്ടെന്നും അദ്ദേഹം സുരക്ഷിതനായി മടങ്ങിയെത്തുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.