ഡല്‍ഹി നഗരത്തില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നത് നിയന്ത്രിക്കാനാവശ്യപ്പെട്ടുള്ള ഗവര്‍ണര്‍ അനില്‍ ബെയ്ജാളിന്റെ റിപ്പോര്‍ട്ട് പൊതുപരിപാടിയില്‍ വെച്ച് പരസ്യമായി കീറിക്കളഞ്ഞ് മുഖ്യമന്ത്രി അര്‍വിന്ദ് കെജ്രിവാള്. പോലീസില്‍ നിന്ന് അനുവാദം വാങ്ങിയ ശേഷം മാത്രമേ സര്‍ക്കാരും പൊതുജനങ്ങളും സിസിടിവി കാമറകള്‍ സ്ഥാപിക്കാവൂ എന്ന നിര്ദ്ദേശമടങ്ങിയതായിരുന്നു ഗവര്‍ണറുടെ റിപ്പോര്‍ട്ട്.
ദില്ലിയിലെ ഇന്ദിരാഗാന്ധി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വന്‍ സമ്മേളനത്തില്‍ വെച്ചാണ് അര്‍വിന്ദ് കെജ്രിവാള് തന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് വ്യക്തമാക്കിയത്. സിസിടിവി കാമറകള്‍ എല്ലായിടത്തും സ്ഥാപിക്കുന്നതോടെ ദില്ലിയിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് പകുതിയായി കുറയുമെന്ന് കെജ്രിവാള് പറഞ്ഞു.
നഗരത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി നടക്കാന്‍ കഴിയണം. സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നതിനോട് സ്ത്രീകള്‍ എത്രമാത്രം താല്പര്യത്തോടെയാണ് പ്രതികരിക്കുന്നതെന്ന് തനിക്ക് മനസ്സിലായെന്നും സ്ത്രീകള്‍ നിറഞ്ഞ സദസ്സിനെ നോക്കി കെജ്രിവാള് പറഞ്ഞു.
കഴിഞ്ഞ മൂന്നുവര്‍ഷമായി നഗരത്തില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കാന്‍ താന്‍ ശ്രമിക്കുകയാണെന്നും ഫയലുകള്‍ തങ്ങള്‍ നീക്കിയെങ്കിലും ഗവര്‍ണറും ബിജെപിയും ചേര്‍ന്ന് അതെല്ലാം തടയുകയായിരുന്നെന്നും കെജ്രിവാള് പറഞ്ഞു. പൊലീസിന്റെ അനുവാദം വാങ്ങി സിസിടിവി കാമറകള്‍ സ്ഥാപിക്കാന്‍ ഇത് പൊലീസ് രാജല്ലെന്നും ജനാധിപത്യമാണെന്നും ‘എല്‍ജി സാഹേബി’നോട് കെജ്രിവാള് വ്യക്തമാക്കി.
പ്രസംഗത്തിനിടയില്‍ ഗവര്‍ണറുടെ റിപ്പോര്‍ട്ട് ഉയര്‍ത്തി വീശിയ കെജ്രിവാള് അത് കഷ്ണങ്ങളായി കീറിയെറിയുകയും ചെയ്തു. സിസിടിവി പദ്ധതി നടപ്പാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളുമായെന്നും അദ്ദേഹം പ്രഖ്യാപിച്ചു.