മുംബൈ: മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയ്ക്ക് (അജിത്) മുബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ മൂന്നര വര്‍ഷക്കാലമായി പൂനെ യേര്‍വാഡ ജയിലില്‍ കഴിയുകയായിരുന്നു അദ്ദേഹം.
ജാമ്യ ഉപാധികള്‍ 100000 രൂപയുടെ ആള്‍ജാമ്യവും, എല്ലാ മാസവും ഒന്നാം തീയതിയും പതിനാറാം തീയതിയും പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം എന്ന ഉത്തരവുമാണ്. എന്നാല്‍ ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്ത് സുപ്രീംകോടതിയെ സമീപിക്കാന്‍ സമയം അനുവദിക്കണമെന്ന് അപേക്ഷിച്ചതിനെത്തുടര്‍ന്ന് പ്രോസിക്യൂഷന് അതിനുവേണ്ടി സമയം അനുവദിച്ചിട്ടുണ്ട്. നാലാഴ്ചയാണ് അനുവദിച്ചത്. അതുവരെ മോചനം സാധ്യമാകില്ലെന്നാണ് റിപ്പോര്‍ട്ട്.
മുരളി കണ്ണമ്പള്ളിയെ ചികിത്സയടക്കം നിഷേധിച്ച് വിചാരണ തടവിലിടുന്നതിനെതിരെ നോം ചോംസ്കി അടക്കമുള്ളവര്‍ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡ് മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി കഴിഞ്ഞ വര്‍ഷം മെയ് 8നാണ് അറസ്റ്റ് ചെയ്യുന്നത്. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം തുടര്‍ ചികിത്സ തേടി ആശുപത്രിയിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്.
മുരളി കണ്ണമ്പള്ളിഅന്തര്ദേശീയ തലത്തില്‍ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിനെ മാതൃകയാക്കി മാവോയിസ്റ്റുകള്‍ രൂപീകരിച്ച റെവല്യൂഷണറി ഇന്റര്‍നാഷണല്‍ മൂവ്മെന്റിന്റെ മുഖപത്രമായ ‘എ വേള്‍ഡ് ടു വിന്’ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററും ആയിരുന്നു. അജിത് എന്ന പേരില്‍ മാവോയിസ്റ്റ് വൃത്തങ്ങളില്‍ അറിയപ്പെടുന്ന ഇദ്ദേഹം ആദിവാസി ഭൂമി ജാതി ബന്ധനം എന്നതുള്‍പ്പടെയുള്ള നിരവധി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്.
മുരളി കണ്ണമ്പിള്ളി ഏറണാകുളം ഇരമ്പനം സ്വദേശിയാണ്. 1970 മുതല്‍ സിപിഐഎംഎല്‍ പ്രസ്ഥാനത്തിന്റെ നേതൃ നിരയില്‍ ഉണ്ടായിരുന്നു. 1976ലെ കായണ്ണ പോലീസ് സ്റ്റേഷന് ആക്രമണ കേസില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നായിരുന്നു ആരോപണം. 40 വര്‍ഷമാണ് ഇദ്ദേഹം ഒളിവില്‍ കഴിഞ്ഞത്.