ലഖ്നൗ: കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ ബാങ്ക് വഴി നല്കുന്ന ‘കിസാന്‍ സമ്മാന്‍നിധി’ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡി തുടക്കം കുറിച്ചു. രാജ്യത്തെ കര്‍ഷകജനതയുടെ ആഗ്രഹപൂര്‍ത്തീകരണമാണ് പദ്ധതിയെന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ വെച്ച് നടന്ന ഉദ്ഘാടന പരിപാടിക്കിടെ പ്രധാനമന്ത്രി പറഞ്ഞു.
കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ വഴി പണം കൈമാറിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. 1.1 കോടി കര്‍ഷകര്‍ക്ക് ഞായറാഴ്ചതന്നെ ആദ്യഗഡുവായി 2000 രൂപ ബാങ്ക് വഴി എത്തുമെന്ന് മോഡി പറഞ്ഞു. ബാക്കി അര്‍ഹരായവര്‍ക്ക് വൈകാതെ പണം അക്കൗണ്ടുകളിലേക്കെത്തും.
75,000 കോടി രൂപയുടെ പദ്ധതിയിലൂടെ 12 കോടി കര്‍ഷകര്‍ക്ക് മൂന്ന് ഗഡുക്കളായാണ് ആനുകൂല്യം ലഭിക്കുക. കര്‍ഷകര്‍ക്കു ആവശ്യമായ ആനുകൂല്യങ്ങള്‍ ഇനിയും നല്‍കുമെന്ന് മോഡി പറഞ്ഞു. കര്‍ഷകരുടെ ജീവിതംവെച്ച് രാഷ്ട്രീയം കളിക്കരുതെന്നും അങ്ങനെ ചെയ്യുന്നവര്‍ കര്ഷകശാപത്തില് വലയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകര്‍ക്ക് സോളാര്‍ പാനലുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയും ചടങ്ങില്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്രനാഥ് പാണ്ഡെ തുടങ്ങി ഒട്ടേറെ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.