കൊല്‍ക്കത്ത: മുന്‍ ക്രിക്കറ്റ് താരവും ഇപ്പോള്‍ പാകിസ്താന് പ്രധാനമന്ത്രിയുമായ ഇമ്രാന് ഖാന്റെ ചിത്രം കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ചാ പ്രതിഷേധം. ഇമ്രാന് ഖാന് അടക്കമുള്ള പാകിസ്താന് താരങ്ങളുടെ ചിത്രത്തെ മാറ്റണമെന്ന ആവശ്യവുമായാണ് പ്രതിഷേധം.
സ്റ്റേഡിയത്തിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സ്റ്റേഡിയത്തിനുള്ളില്‍ കടക്കാന്‍ ശ്രമിച്ചെങ്കിലും കൊല്‍ക്കത്ത പോലീസ് തടഞ്ഞു. പിന്നീട് പ്രതിഷേധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. പാക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രം സ്റ്റേഡിയങ്ങളില്‍ നിന്ന് നീക്കം ചെയ്യുന്നത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്.
ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ നിന്നും പഞ്ചാബിലെ മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിന്നും അതിനു പിന്നാലെ ഹിമാചലിലെ ധര്‍മശാല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിന്നും മുന്‍ പാക് നായകനും ഇപ്പോഴത്തെ പാക് പ്രധാനമന്ത്രിയുമായ ഇമ്രാന് ഖാന്റെ ചിത്രം നീക്കം ചെയ്തിരുന്നു.
കൂടാതെ കഴിഞ്ഞ ദിവസം നീക്കം മുംബൈയിലെ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയും പാക്കിസ്താന് ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ ചെയ്തിരുന്നു. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍നിന്ന് പാക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്തതായി കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് വ്യക്തമാക്കി.