ലഖ്നൗ: യുപിയില്‍ പശുസംരക്ഷണത്തിനായി രൂപീകരിച്ച പശുസമിതിയുടെ ബ്രാന്റ് അംബാസഡറായി പ്രമുഖ ബോളിവുഡ് താരം ഹേമമാലിനിയെ നിയമിക്കും. പശുസംരക്ഷണത്തിനായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ബജറ്റില്‍ 647 കോടി രൂപ നീക്കിവെച്ചതിന് പിന്നാലെയാണ് നിയമനം. ബ്രാന്റ് അംബാസിഡറാകാനുള്ള താത്പര്യം ഹേമമാലിനി അറിയിച്ചതായി ഗൗസേവ ആയോഗ് ചെയര്മാന് രാജീവ് ഗുപ്ത വ്യക്തമാക്കി.
പശുവും പശു ഉത്പന്നങ്ങളും നമ്മുടെ സമൂഹത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ്. മതപരമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലല്ല ഹേമമാലിനിയെ ബ്രാന്റ് അംബാസഡറാക്കുന്നതെന്നും രാജീവ് ഗുപ്ത പറഞ്ഞു.
നിലവില്‍ മധുരയിലെ ബിജെപി എംപി കൂടിയാണ് ഹേമമാലിനി. വലിയ ആരാധകവൃന്ദമുള്ള ഹേമമാലിനിയെ ബ്രാന്റ് അംബാസഡറാകുന്നതിലൂടെ വിപണിയില്‍ പുതുതരംഗം സൃഷ്ടിക്കാനാകുമെന്നും, പശു ഉത്പന്നങ്ങളുടെ മാര്‍ക്കറ്റ് വര്ധിപ്പിക്കാനാവുമെന്നുമാണ് ഗൗസേവ ആയോഗിന്റെ പ്രതീക്ഷ.