ലക്നൗ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹനത്തിന് നേരെ നടന്ന ചാവേര്‍ ബോംബാക്രമണത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് പ്രിയങ്ക ഗാന്ധി. ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തിയതാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്കയും. ദേശസുരക്ഷയില്‍ മോദി സര്‍ക്കാര്‍ വീഴ്ച വരുത്തുന്നത് തുടരുന്നുവെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ്ങ് സുര്‍ ജേവാല ആരോപിച്ചു.
ഉറിക്കും പത്താന് കോട്ടിനും ശേഷം ഇപ്പോള്‍ പുല്‍വാമ യിലും ഭീകരാക്രമമണം ഉണ്ടായി. ഭാവിയില്‍ ഇത് ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിനൊപ്പമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയം പറയേണ്ട സമയമല്ല ഇതെന്ന വിശദീകരണത്തോടെ ലക്നൗവില്‍ നടത്താനിരുന്ന വാര്‍ത്താ സമ്മേളനം പ്രിയങ്ക ഒഴിവാക്കി.