ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റെടുത്ത ശേഷമുള്ള പ്രിയങ്ക ഗാന്ധിയുടെ പൊതുപരിപാടികള്‍ക്ക് നാളെ ലഖ്നൗവില്‍ തുടക്കമാകും. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള പ്രിയങ്കയുടെ നാല് ദിവസത്തെ സന്ദര്‍ശനത്തിനാണ് നാളെ തുടക്കമാകുന്നത്.
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവര്‍ പ്രിയങ്കയെ അനുഗമിക്കും. പ്രിയങ്കയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞു.
ലഖ്നൗവില്‍ വിമാനമിറങ്ങിയാല്‍ പാര്‍ട്ടി ഓഫീസ് വരെ നീളുന്ന റോഡ്ഷോ, ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായും ഭാരവാഹികളുമായും കൂടിക്കാഴ്ച, തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ വിവിധ തലത്തിലുള്ള പാര്‍ട്ടി നേതൃത്വവുമായും പ്രവര്‍ത്തകരുമായും കൂടിക്കാഴ്ച എന്നിവയാണ് സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്.