ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് കുടുങ്ങിയ വിദ്യാര്‍ത്ഥികളടക്കം 170ഓളം പേരെ വിമാനമാര്‍ഗം രക്ഷപെടുത്തി വ്യോമസേന. ദിവസങ്ങളായി തുടരുന്ന മണ്ണിടിച്ചിലും ഹിമപാതവും കാരണം ജമ്മു-ശ്രീനഗര്‍ ദേശീയ പാത അടച്ചിട്ടിരിക്കുകയാണ്. ഇതേതുടര്‍ന്ന് പലയിടങ്ങളിലായി ആളുകള്‍ കുടുങ്ങി.
ഇക്കൂട്ടത്തില്‍ ഗേറ്റ് പരീക്ഷയെഴുതാനായി ശ്രീനഗറിലെത്തിയ വിദ്യാര്‍ത്ഥികളുമുണ്ട്. ഇനിയും ഒരുപാട് ആള്ക്കാര് കുടുങ്ങിക്കിടപ്പുണ്ടെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. ഗതാഗത സൗകര്യങ്ങള്‍ താറുമാറായതിനെത്തുടര്‍ന്ന് കശ്മീര്‍ താഴ്വരയില് ജനജീവിതം സ്തംഭിച്ച അവസ്ഥയിലാണ്.
മഞ്ഞുവീഴ്ച രൂക്ഷമാതോടെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ കഴിഞ്ഞദിവസവും നിലച്ചിരുന്നു. ദേശീയപാത അടച്ചതിനെത്തുടര്‍ന്ന് ചരക്ക് ഗതാഗതവും പൂര്‍ണ്ണമായും നിലച്ചു. ഇന്ധനക്ഷാമത്തിന് സാധ്യതയുള്ളതിനാല്‍ പ്രതിദിന ഇന്ധന വിതരണത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.