കോയമ്പത്തൂര്‍: സ്ത്രീയെ വെട്ടിനുറുക്കി ചാക്കിലാക്കി കുളത്തില്‍ ഉപേക്ഷിച്ച നിലയില്‍. തലയും, കൈകാലുകളും ഇലക്ട്രിക്കല്‍ അറവുയന്ത്രം ഉപയോഗിച്ച് മുറിച്ച് മാറ്റിയ നിലയിലാണുള്ളത്. ഈ സാഹചര്യത്തില്‍ മൃതദേഹം തിരിച്ചറിയാനായി സിറ്റി പോലീസ് മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു.
സെല്വാംപതി കുളത്തിലാണ് വെട്ടിനുറുക്കിയ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. ജൂലായ് 25-നാണ് സംഭവം. ആളെ കാണാതായതായി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സിറ്റി പോലീസ് പരിശോധിച്ചതിലൊന്നും സ്ത്രീകളെ കണ്ടെത്തിയില്ല. 25 വയസ്സ് തോന്നിക്കുന്ന സ്ത്രീകളെ കാണാതായ സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരമറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നിലേറെ പേര് ചേര്‍ന്ന് സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയതാണെന്ന് പോലീസ് സംശയിക്കുന്നു.
ഒരാഴ്ചയെങ്കിലും പഴക്കമുള്ളതാണ് അവശിഷ്ടങ്ങള്‍. നഗരത്തിന്റെ പുറത്തെവിടെയെങ്കിലുമായിരിക്കണം കൊല നടന്നത് എന്നാണ് പോലീസ് കരുതുന്നത്. കൈയും കാലും തലയുമറ്റനിലയില് മൃതദേഹം കുളത്തില്‍ ഒഴുകിനടക്കുകയായിരുന്നു. പരിസരവാസികള്‍ വിവരമറിയിച്ചാണ് പോലീസ് അന്വേഷണം തുടങ്ങിയത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. സ്ത്രീയെ തിരിച്ചറിഞ്ഞാല്‍ കേസന്വേഷണം എളുപ്പമാകുമെന്നും കൊലയാളികളെ എളുപ്പം പിടിക്കാനാവുമെന്നും പോലീസ് പറയുന്നു.