ചെന്നൈ: ആര്‍കെ നഗര്‍ എംഎല്‍എയും അമ്മ മക്കള്‍ മുന്നേറ്റ കഴഗം പാര്‍ട്ടി തലവനുമായ ടിടിവി ദിനകരന്റെ വാഹനത്തിനു നേരെ പെട്രോള്‍ ബോംബാക്രമണം. ദിനകരന്റെ ചെന്നൈ അഡയാറിലെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു നേരെയായിരുന്നു രണ്ടു പെട്രോള്‍ ബോംബുകള്‍ വലിച്ചെറിഞ്ഞത്. എന്നാല്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനായിട്ടില്ല.
സംഭവ സമയത്ത് ദിനകരന് സ്ഥലത്തുണ്ടായിരുന്നില്ല. ഡ്രൈവര്‍ക്കും ദിനകരന്റെ പേഴ്സനല്‍ ഫൊട്ടോഗ്രഫര്‍ക്കും പരുക്കേറ്റു. കാറിന്റെ പിന്‍ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അണ്ണാഡിഎംകെയില്‍ വിമത നീക്കത്തിനു നേതൃത്വം നല്കിയ ദിനകരന് പിന്നീട് പാര്‍ട്ടി വിട്ട് അമ്മ മക്കള്‍ മുന്നേറ്റ കഴഗം രൂപീകരിക്കുകയായിരുന്നു.