ധാക്ക: മഴയത്ത് കമിതാക്കള്‍ ചംബിക്കുന്ന ചിത്രം പകര്‍ത്തിയതിന് ഫോട്ടോഗ്രാഫറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ബംഗ്ലാദേശിലെ പ്രമുഖ ന്യൂസ് വെബ്സൈറ്റില്‍ ഫൊട്ടോജേണലിസ്റ്റായ ജിബോണ്‍ അഹമ്മദിനെയാണു ചിത്രത്തിന്റെ പേരില്‍ ജോലിയില്‍ നിന്നു പിരിച്ചുവിട്ടത്. കമിതാക്കള്‍ പരസ്പരം ചുബിക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് ജിബോണ്‍ സദാചാര വാദികള്‍ക്ക് മുന്പില് ഇരയായിരുന്നു.
തുടര്‍ന്നു ചിത്രം സമൂഹമാധ്യമത്തില്‍ നിന്നു പിന്‍വലിക്കുകയും ചെയ്തു. ധാക്കാ സര്‍വകലാശാലയില്‍ മഴയില്‍ രണ്ടു കമിതാക്കള്‍ പരസ്പരം ചുബിക്കുന്ന ചിത്രമാണ് ജിബോണ്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തത്. മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രം വൈറലായി. തുടര്‍ന്നാണ് ചിത്രത്തെ വിമര്‍ശിച്ചു കൊണ്ടു ജിബോണിനെതിരെ സൈബര്‍ ആക്രമണം ആരംഭിച്ചത്. കമിതാക്കള്‍ പൊതുയിടത്തില്‍ പരസ്പരം ചുബിക്കുന്നത് രാജ്യത്തിന്റെ സംസ്കാരത്തിനു ചേര്‍ന്നതല്ലെന്നായിരുന്നു മുഖ്യ ആരോപണം.
എന്നാല്‍ ദിവ്യപ്രണയത്തിന്റെ പ്രതീകമായിട്ടാണ് താന്‍ ചിത്രം പകര്‍ത്തിയതെന്ന് ജിബോണ്‍ അഹമ്മദ് പ്രതികരിച്ചു. സദാചാരവാദികളുടെ ശാസനകള്ക്കനുസരിച്ചല്ല ഒരു കലാകാരന് പ്രവര്‍ത്തിക്കുന്നതെന്നും ഒരു വിശദീകരണവും നല്‍കാതെയാണ് ജോലിയില്‍ നിന്നു പിരിച്ചുവിട്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ജിബോണിന് അനുകൂലമായി വിവിധ മാധ്യമസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.