ഭോപ്പാല്‍: കോണ്‍ഗ്രസില്‍ പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിനു പിന്നാലെ മറ്റൊരു താരപ്രവേശനത്തിനും കൂടി അരങ്ങൊരുങ്ങുന്നതായി സൂചന. ഇപ്പോള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ച മുറുകുന്നത് മുന്‍ കേന്ദ്രമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യ പ്രിയദര്‍ശിനി രാജെ സിന്ധ്യയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തെക്കുറിച്ചാണ്. പ്രിയദര്‍ശിനി മധ്യപ്രദേശിലെ രാഷ്ട്രീയക്കളത്തിലേക്കിറങ്ങണമെന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യം ശക്തമായിരിക്കുകയാണ്.
സിന്ധ്യ രാജകുടുംബത്തിന്റെ മരുമകള്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഭര്‍ത്താവിനു വേണ്ടി പ്രചരണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതൊഴികെ പൊതുരംഗത്ത് സജീവമല്ല. മന്ത്രി പ്രദ്യുമ്ന് സിങ് തോമര്‍ പ്രിയദര്‍ശിനിയുടെ ലാളിത്യത്തെയും വിനയപൂര്വമായ പെരുമാറ്റത്തേയും പ്രകീര്‍ത്തിച്ചു കൊണ്ട് മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ അഭ്യര്‍ഥിച്ചിരിക്കുകയാണ്.
സിന്ധ്യകുടുംബത്തിന്റെ ശക്തമായ സ്വാധീന വലയത്തിലാണ് ഗുണ-ശിവപുരി മണ്ഡലം. 2002 മുതല്‍ ജ്യോതിരാദിത്യ സിന്ധ്യയാണ് രാജമാതാ വിജയ് രാജെ സിന്ധ്യയയും മാധവരാജെയും വിജയിച്ച ഗുണ-ശിവപുരി പ്രതിനിധീകരിക്കുന്നത്. ഗുണ-ശിവപുരിയില്‍ ഇത്തവണ പ്രിയദര്‍ശിനി മത്സരിക്കുന്നെങ്കില്‍ ജ്യോതിരാദിത്യ ഗ്വാളിയോറില്‍ മാറ്റുരയ്ക്കുമെന്നാണ് സൂചന. പ്രിയദര്‍ശിനിയുടെ രാഷ്ട്രീയപ്രവേശനത്തെ കുറിച്ച് രാജകുടുംബം പ്രതികരിച്ചിട്ടില്ല.
യുപിയില്‍ 46 സീറ്റുകള്‍ നേടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച വിജയം കരസ്ഥമാക്കുമെന്നാണ് കണക്കുകൂട്ടല്‍. ബറോഡയിലെ ഗെയ്ക്ക് വാദ് രാജകുടുംബാംഗംമായ പ്രിയദര്‍ശിനി 2012 ല്‍ ഇന്ത്യയിലെ ഏറ്റവും സുന്ദരികളായ 50 വനിതകളില്‍ ഒരാളായി വനിതാ മാസികയായ ഫെമിന തിരഞ്ഞെടുത്തിരുന്നു.