ന്യൂഡല്‍ഹി: കൈവശമുള്ളത് കളിത്തോക്കല്ലെന്ന് തെളിയിക്കാന്‍ യുവാവ് വെടിയുതിര്‍ത്തു. സമീപത്ത് നിന്നിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം. നിഷ്തി എന്ന യുവതിയാണ് വെടിയേറ്റ് മരിച്ചത്. ഡല്‍ഹി ഷാദാരയിലെ ദില്‍ഷാദ് ഗാര്‍ഡനില്‍ വ്യാഴാഴ്ചയാണ് ദാരുണ സംഭവം. സംഭവത്തെ തുടര്‍ന്ന് സണ്ണി എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ദില്‍ഷാദ് ഗാര്‍ഡനില്‍ താമസിക്കുന്ന സുഹൃത്തിനെ കാണാന്‍ എത്തിയതായിരുന്നു യുവതി. സണ്ണിയും ആ നിമിഷം അവിടെയുണ്ടായിരുന്നു. ആ സമയത്ത് സണ്ണിയുടെ കൈവശം ഒരു തോക്കുണ്ടായിരുന്നു. എന്നാല്‍ തോക്ക് യഥാര്‍ത്ഥമാണെന്ന് വിശ്വസിക്കാന്‍ നിഷ്തി തയ്യാറായില്ല. തുടര്‍ന്ന് നിഷ്തിയെ വിശ്വസിപ്പിക്കുന്നതിന്റെ ഭാഗമായി സണ്ണി വെടിയുതിര്‍ക്കുകയായിരുന്നു. അബദ്ധത്തില്‍ വെടിയുതിര്‍ത്തത് യുവതിയുടെ നേര്‍ക്കായിരുന്നു.
സംഭവസമയത്ത് സണ്ണി ലഹരി ഉപയോഗിച്ചിട്ടുണ്ടായിരുന്നു. തിമര്പുറില്നിന്നാണ് വെള്ളിയാഴ്ച സണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തത്. ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് നിഷ്തിയെ മൂന്നു നാലുപേര്‍ ചേര്‍ന്ന് വ്യാഴാഴ്ച സ്വാമി ദയാനന്ദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ വച്ചാണ് നിഷ്തി മരിച്ചത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തത്.