മുംബൈ: മറാത്ത സംവരണത്തിനുള്ള ഫയല്‍ പാസാക്കുന്നതിനായി പങ്കജ്മുണ്ടയെ ഒരു മണിക്കൂറെങ്കിലും മുഖ്യമന്ത്രിയാക്കണമെന്ന പുതിയ ആവശ്യവുമായി ശിവസേന രംഗത്ത്. ബിജെപി സര്‍ക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കുവാനാണ് ശിവസേനയുടെ അടുത്ത നീക്കം. മഹാരാഷ്ട്ര മന്ത്രിസഭയില്‍ ഗ്രാമവികസന വകുപ്പ് മന്ത്രിയാണ് പങ്കജ് മുണ്ടെ.
താന്‍ മുഖ്യമന്ത്രിയായാല്‍ മറാത്ത സംവരണം നടപ്പാക്കുമെന്ന് പങ്കജ് മുണ്ടെ വ്യക്തമാക്കിയിരുന്നു. മറാത്ത പ്രക്ഷോഭത്തിന് ഇടെയായിരുന്നു പങ്കജ് മുണ്ടെയുടെ പ്രസ്താവന പുറത്തു വന്നത്. പങ്കജിന്റെ പ്രസ്താവനയിലൂടെ ബിജെപിയാണ് മറാത്ത സംവരണത്തിന് തടസം നില്‍ക്കുന്നതെന്ന് വ്യക്തമായതായി ശിവസേന മുഖപത്രം സാമ്ന കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രിയായാല്‍ സംവരണം നടപ്പാക്കാന്‍ പങ്കജിന് കഴിയുമെങ്കില്‍ അതിന് അവര്‍ക്ക് അവസരം നല്‍കുകയാണ് വേണ്ടതെന്ന് സാമ്ന മുഖപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രശ്നം പരിഹരിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഫട്നാവിസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തണമെന്നും ശിവസേന ആവശ്യപ്പെട്ടു. എന്നാല്‍, കൂടുതല്‍ സമയത്തും വിദേശത്തായതിനാല്‍ പ്രധാനമന്ത്രിയെ കാണാന്‍ ഫട്നാവിസിന് കഴിയില്ലെന്നും സാമ്നയിലൂടെ ശിവസേന പരിഹസിക്കുന്നു.