ബീഹാര്‍: വിവാഹം കഴിഞ്ഞ് ആദ്യനാള്‍ ആര്‍ത്തവമെന്ന് പറഞ്ഞ് ഭര്‍ത്താവിനെ കബളിപ്പിച്ച് നവവധു മുങ്ങി. സ്വര്‍ണ്ണാഭരണങ്ങളും, വീട്ടില്‍ സ്വരുക്കൂട്ടിവെച്ചിരുന്ന പണവുമെടുത്താണ് അര്‍ധരാത്രിയില്‍ വധു വീട് വിട്ടിറങ്ങിയത്. സംഭവത്തില്‍ ബീഹാറിലെ ബഹുവ സ്വദേശി പങ്കജ് കുമാര്‍ എന്ന പിന്റു പോലീസില്‍ സ്റ്റേഷനിലെത്തി. വിലപ്പിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടതിനേക്കാള്‍ നെഞ്ചു തകര്‍ക്കുന്നത് നാളിത്രയും ആശിച്ച ജീവിതം പാതിവഴിയില്‍ നശിക്കപ്പെട്ടപ്പോഴെന്ന് വിങ്ങിപ്പൊട്ടി പിന്റു പറയുന്നു. നാല്പതുകാരനാണ് പങ്കജ് കുമാര്‍.
കഴിഞ്ഞ ദിവസമാണ് യുവാവും സംഗീത കുമാരി എന്ന യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. ആദ്യരാത്രി മുറിയിലേക്ക് ക്ഷണിച്ച ഭര്‍ത്താവിനോട് തനിക്ക് ആര്‍ത്തവം ആയെന്നും അതിനാല്‍ ഒപ്പം കിടക്കാന്‍ കഴിയില്ലെന്നും പറഞ്ഞ് മറ്റൊരു മുറിയില്‍ കഴിഞ്ഞ യുവതി രാത്രിതന്നെ സ്ഥലംവിടുകയായിരുന്നു. പിറ്റേന്ന് രാവിലെയായിട്ടും ഭാര്യയെ കാണാതെ വന്നതോടെ അന്വേഷിച്ചെത്തിയ ഭര്‍ത്താവാണ് ഭാര്യയെ കാണാനില്ലെന്ന വിവരം മറ്റുള്ളവരെ അറിയിച്ചത്. മാതാപിതാക്കള്‍ ഇല്ലാതിരുന്ന സംഗീത കുമാരി ബന്ധുക്കളുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്.
ഇവരുടെ ബന്ധുവാണ് ഈ വിവാഹാലോചന കൊണ്ടുവന്നത്. വധു മുങ്ങിയതോടെ തന്റെ മകനെ അവര്‍ ചതിക്കുകയായിരുന്നുവെന്ന് ആരോപിച്ച് പിന്റുവിന്റെ അമ്മ ഷീല ദേവി ഇവര്‍ക്കെതിരെ തിരിഞ്ഞു. ഇതോടെ പഞ്ചായത്ത് ഇടപെട്ടു. എത്രയും വേഗം വധുവിനെയും പണവും ആഭരണങ്ങളും തിരിച്ചുകൊണ്ടുവരാന്‍ ഇവരോട് നിര്‍ദേശിച്ചു. ഇതിനു കഴിയാതെ വന്നതോടെ വീട്ടുകാര്‍ തമ്മില്‍ വഴക്കായി. വിഷയം പോലീസ് സ്റ്റേഷനിലുമെത്തി. വെള്ളിയാഴ്ചയാണ് വരനും അമ്മയും പരാതി നല്‍കിയത്. തന്റേത് ദരിദ്ര കുടുംബമാണെന്നും തന്റെ കണ്ണടയും മുന്‍പ് മകന് ഒരു ജീവിതം ഉണ്ടായി കാണാനാണ് ഇല്ലാത്ത പണം കടമെടുത്ത് വിവാഹം നടത്തിയതെന്നും ഷീല ദേവി പോലീസിനോട് പറഞ്ഞൂ. എന്നാല്‍ ആ വഞ്ചകി തങ്ങളുടെ ജീവിതവുമായാണ് കടന്നുകളഞ്ഞതെന്നും ഇവര്‍ കരഞ്ഞുകൊണ്ട് പറയുന്നു.