ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 437 കോടി രൂപയാണ് രാജ്യത്ത് കോര്‍പ്പറേറ്റുകളില്‍ നിന്ന് ബിജെപിക്ക് ലഭിച്ചത്. ബിജെപിക്കാണ് വിവിധ കോര്‍പ്പറേറ്റ് ബിസിനസ് മേഖലകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ ധനസഹായം ലഭിച്ചത്. അതേ സമയം കോണ്‍ഗ്രസിന് ലഭിച്ചത് 19.298 കോടി മാത്രമാണ്.
ബിജെപിക്ക് കോര്‍പ്പറേറ്റുകളില്‍ നിന്നും സംഭാവനയായി ലഭിച്ചിരിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, എന്‍ സിപി, സിപിഐ, സിപിഐഎം എന്നീ പാര്‍ട്ടികളെക്കാള്‍ പന്ത്രണ്ടിരട്ടിയാണ്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനു മുന്‍പാകെ സമര്‍പ്പിച്ച വിവരങ്ങളില്‍ നിന്നും അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസാണ്.
കോണ്‍ഗ്രസിന് 777 സംഭാവനകളില്‍ നിന്നായി 26.658 കോടിയും ബിജെപിക്ക് 2977 സംഭാവനകളില്‍ നിന്നായി 437.04 കോടിയും ലഭിച്ചു. കോര്‍പ്പറേറ്റുകളില്‍ നിന്നും ബിസിനസ് രംഗത്തുനിന്നുമായി 1207 സംഭാവനകളില്‍ നിന്നായി 400.23 കോടിയും 1759 വ്യക്തികളില്‍ നിന്ന് 36.71 കോടിയുമാണ് ലഭിച്ചത്. കോണ്‍ഗ്രസിന് ബിസിനസ് ,കോര്‍പ്പറേറ്റ് സെക്ടറുകളില്‍ നിന്നുള്ള 53 സംഭാവനകളില്‍ നിന്നായി 19.298 കോടി രൂപയും 724 വ്യക്തികളില്‍ നിന്നായി 7.36 കോടി രൂപയും മാത്രമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ചത്.
ദേശീയ പാര്‍ട്ടികള്‍ക്ക് കോര്‍പ്പറേറ്റ്, ബിസിനസ് വിഭാഗത്തില്‍ നിന്ന് ആകെ 1361 സംഭാവനകളില്‍ നിന്നായി 422.04 കോടി ലഭിച്ചു. അതേ സമയം കഴിഞ്ഞ 12 വര്‍ഷങ്ങള്‍ക്കിടയില്‍ ബിഎസ്പിക്ക് 20,000 ല്‍ കൂടുതല്‍ സംഭാവനകള്‍ ലഭിച്ചിട്ടില്ലായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയിരിക്കുന്ന രണ്ട് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലൊന്ന് പ്രുഡന്റ് ഇലക്ടറല്‍ ട്രസ്റ്റാണ്. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത് ബിജെപിക്ക് 154.30 കോടിയും കോണ്‍ഗ്രസിന് 10 കോടിയും പ്രുഡന്റ് ഇലക്ടോറല്‍ ട്രസ്റ്റാണ് സംഭാവന നല്‍കിയിരിക്കുന്നതെന്നുമാണ്.