ന്യൂഡല്‍ഹി: ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള രാത്രിയാത്രാ നിരോധനം തുടരും. നിരോധനം നീക്കാനാകില്ലെന്ന് ദേശീയ കടുവ സംരക്ഷണ അഥോറിറ്റി അറിയിച്ചു. രാത്രിയാത്രാ നിരോധനം നീക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിയാണ് കടുവാ സംരക്ഷണ അഥോറിറ്റിയുടെ റിപ്പോര്‍ട്ട്.
മൈസൂരില്‍നിന്ന് രാത്രികാല യാത്രയ്ക്ക് സമാന്തരപാത വേണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. ബന്ദിപ്പൂര്‍ വന്യമൃഗസംരക്ഷണ വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാതയില്‍ രാത്രി ഒമ്പതിനും രാവിലെ ആറിനുമിടയിലാണ് ഗതാഗതം നിരോധിച്ചിരിക്കുന്നത്.
രാത്രി ഒന്‍പതു മുതല്‍ രാവിലെ ആറു വരെയുള്ള യാത്രാ നിരോധനം രാത്രി 10 മുതല്‍ രാവിലെ അഞ്ചു വരെയാക്കി കുറയ്ക്കുക, കോണ്‍വോയ് അടിസ്ഥാനത്തില്‍ ആറു ഗ്രൂപ്പുകളായി വാഹനങ്ങളെ കടത്തിവിടുക, രാത്രി സര്‍വീസ് നടത്തുന്ന ബസുകളുടെ എണ്ണം വര്‍ധിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണു കേരളം മുന്നോട്ടുവച്ചിരുന്നത്.