കനത്തകാലവര്ഷത്തിനൊപ്പം മുംബൈയില്‍ മത്സ്യമഴ പെയ്തെന്ന വാര്‍ത്ത വ്യാജം. ബിബിസി ന്യൂസ് പുറത്ത് വിട്ട വാര്‍ത്തയെന്ന പ്രചരണത്തോടെയാണ് മത്സ്യമഴയുടെ ചിത്രവും വീഡിയോയും പ്രചരിച്ചത്.
ഫെയ്സ്ബുക്കിലും ട്വിറ്ററിലും പോസ്റ്റുകള്‍ വ്യാപകമായ രീതിയില്‍ പ്രചരിച്ചു. ശാസ്ത്രഞ്ജന്മാരും മൂക്കത്ത് വിരല്‍ വെച്ച് ഈ പ്രതിഭാസം നോക്കി നില്‍ക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നു. ഇതിനെ സാധൂകരിക്കാനായി പുറത്തുവിട്ട വീഡിയോ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാനാവും.
വീഡിയോയും ചിത്രവും പ്രചരിച്ചതോടെ ബിബിസി ന്യൂസ് തന്നെ ഇത് നിഷേധിച്ച് രംഗത്തെത്തി. തങ്ങള്‍ അങ്ങനെയൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല എന്നും മുംബൈയില്‍ ഇത്തരത്തിലൊരു സംഭവം സ്ഥിരീകരിച്ചിട്ടില്ലെന്നും ബിബിസി പ്രതികരിച്ചു.
എന്നാല്‍ നേരത്തേ ഇത്തരത്തില്‍ മത്സ്യമഴ ഉണ്ടായിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ ചേര്‍ത്താകാം പുതിയ വീഡിയോ ഉണ്ടാക്കിയിരിക്കുന്നത്. 2016ല്‍ മുംബൈ- പൂനെ ദേശീയപാതയില്‍ മത്സ്യമഴ ഉണ്ടായിട്ടുണ്ട്. അന്ന് എടുത്ത വീഡിയോ ആണ് പുതിയ രീതിയില്‍ പ്രചരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 2016ല്‍ ജയ്പൂരിലും മത്സ്യമഴ ഉണ്ടായിട്ടുള്ളതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ശക്തമായ ന്യൂനമര്‍ദ്ദമാണ് ഈ അത്ഭുത പ്രതിഭാസത്തിന് പിന്നിലെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിശദീകരണം. ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി രൂപപ്പെടുന്ന ചുഴലിക്കാറ്റിന് കുളങ്ങളിലേയും പുഴകളിലേയും മറ്റും ഉപരിതലത്തോട് ചേര്‍ന്നുള്ള മീനുകളെ വലിച്ചെടുക്കാനാകും. കടലില്‍ നിന്നും മീന്‍ കൂട്ടങ്ങളെ ഇത്തരത്തില്‍ ചുഴലിക്കാറ്റുകള്‍ പൊക്കിയെടുക്കാറുണ്ട്.
ഇത്തരത്തില്‍ ചുഴലിക്കാറ്റിനൊപ്പം കൂടുന്ന മീനുകള്‍ കിലോമീറ്റുകള്‍ സഞ്ചരിച്ചശേഷമായിരിക്കും തിരികെ നിലത്തേക്ക് വീഴുക. പലപ്പോഴും മഴക്കൊപ്പമായിരിക്കും ഇവ ഭൂമിയിലെത്തുക. മീനുകള്‍ക്കൊപ്പം തവളകളും ഇത്തരത്തില്‍ മഴയായി എത്താറുണ്ട്.
നേരത്തെ 2012ലും 2014ലും ശ്രീലങ്കയില്‍ നിന്നും മത്സ്യമഴ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പടിഞ്ഞാറന്ശ്രീലങ്കയിലെ ഗ്രാമങ്ങളില്‍ പെയ്ത മീന്‍ മഴയില്‍ അമ്പത് കിലോയോളം മത്സ്യം ലഭിച്ചെന്ന് ബിബിസി റിപ്പോര്‍ട്ടു ചെയ്തിരുന്നു. അഞ്ച് മുതല്‍ എട്ട് സെന്റിമീറ്റര്‍ വരെ വലിപ്പമുള്ള മീനുകളാണ് അന്ന് ലഭിച്ചിരുന്നത്. 2012ല്‍ ഉണ്ടായ മത്സ്യമഴയില്‍ മീനുകളേക്കാള് കൂടുതല്‍ ചെമ്മീനായിരുന്നു നാട്ടുകാര്‍ക്ക് ലഭിച്ചത്.