ന്യൂഡല്‍ഹി: ലോക പ്രശസ്ത ശാസ്ത്രജ്ഞരുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിന് ഇന്ന് തുടക്കം. പഞ്ചാബിലെ ലവ്ലി പ്രൊഫഷണല്‍ സര്‍വ്വകലാശാലയില്‍ തുടക്കമിടുന്ന ശാസ്ത്ര കോണ്‍ഗ്രസ് പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ ആറ് നൊബേല്‍ ജേതാക്കളുള്‍പ്പെടെ അന്താരാഷ്ട്ര തലത്തില്‍ പ്രഗത്ഭരായ 30,000 ശാസ്ത്രജ്ഞരാണ് പങ്കെടുക്കുക.
ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ നടക്കുന്ന ശാസ്ത്ര കോണ്‍ഗ്രസിന്റെ 106ാം പതിപ്പാണിത്. ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് അസോസിയേഷനാണ് നടത്തുന്നത്. ‘ഭാവി ഇന്ത്യ – ശാസ്ത്രവും സാങ്കേതിക വിദ്യയും’എന്നാണ് സമ്മേളനത്തിന്റെ ഇത്തവണത്തെ ആപ്തവാക്യം. അഞ്ച് ദിവസം നീളുന്ന പരിപാടിയില്‍ നൂറിലധികം കോണ്‍ഫറന്‍സുകളും മറ്റ് പരിപാടികളും നടക്കും. കുട്ടികളുടെ ശാസ്ത്ര കോണ്‍ഗ്രസ് വെള്ളിയാഴ്ചയും സ്ത്രീകളുടേത് ശനിയാഴ്ചയും ആരംഭിക്കും.
2013ല്‍ വൈദ്യശാസ്ത്രത്തില്‍ നൊബേല്‍ കരസ്ഥമാക്കിയ തോമസ് തോമസ് സുധോഫ്, രസതന്ത്രത്തില്‍ നൊബേല്‍ നേടിയ അവ്രാം ഹെര്ഷ്കൊ, 2016ല്‍ ഭൗതികശാസ്ത്രത്തില്‍ നൊബേല്‍ നേടിയ ഡങ്കല്‍ മൈക്കേല്‍ ഹാല്ഡേന് എന്നിവരുള്‍പ്പെടെ നിരവധി പേരാണ് ശാസ്ത്ര കോണ്‍ഗ്രസിനെത്തുന്നത്. ഡിആര്‍ഡിഒ, ഐഎസ്ആര്‍ഒ, എയിംസ്, യുജിസി, എഐസിടിസി എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരും ശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കും. ഇന്ത്യയ്ക്ക് പുറമേ അമേരിക്ക, ബ്രിട്ടണ് തുടങ്ങി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സര്‍വ്വകലാശാല അധികൃതരും ശാസ്ത്ര കോണ്ഗ്രസിനെത്തും.