ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് 1984ലെ സിഖ് വിരുദ്ധ കലാപത്തിലുള്ള പങ്ക് സംശയാതീതമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പ്രകോപനങ്ങളുണ്ടാക്കി സ്ഥിതി വഷളാക്കുകയായിരുന്നെന്നും അവര്‍ ബലാല്‍സംഗവും കൊലപാതകവും ഉള്‍പ്പടെയുള്ളവ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ ട്വിറ്ററിലൂടെയാണ് അമിത് ഷാ ഈ ആരോപണം ഉന്നയിച്ചത്. അമിത് ഷായുടെ ഈ ട്വീറ്റുകള്‍ സിഖ് വിരുദ്ധ കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം ശിക്ഷ ലഭിച്ച പശ്ചാത്തലത്തിലായിരുന്നു.
എല്ലാ പ്രതീക്ഷയും നശിച്ച് കഴിയുകയായിരുന്നു കലാപത്തിന് ഇരയായവര്‍ എന്നും കലാപങ്ങള്‍ക്ക് കാരണമായവര്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അഭയം ആസ്വദിച്ച് കഴിഞ്ഞതാണ് അതിന് കാരണമെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. സജ്ജന്‍കുമാറിന് ജീവപര്യന്തം നല്‍കിക്കൊണ്ടുള്ള ഹൈക്കോടതിവിധി കുറ്റവാളികള്‍ ഒരിക്കലുമിനി രക്ഷപെടില്ലെന്ന് ഉറപ്പ് നല്‍കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
No one ever had any doubts on Congress's role in the 1984 anti-Sikh riots. Their leaders and workers went on rampage raising provocative slogans, raping women and murdering men in cold blood. Yet no one was ever punished despite multiple commissions and several eyewitnesses.
— Amit Shah (@AmitShah) December 17, 2018
പാര്‍ട്ടിയുടെ നേതാക്കളും പ്രവര്‍ത്തകരും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും പുരുഷന്മാരെ കൊലപ്പെടുത്തുകയും ചെയ്തു. എന്നിട്ടും ഇതുവരെ നിരവധി അന്വേഷണക്കമ്മീഷനുകള്‍ വന്നതല്ലാതെ ദൃക്സാക്ഷികളുണ്ടായിട്ടും ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടിരുന്നില്ലെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.
I want to thank Prime Minister Shri @narendramodi for setting up an SIT in 2015, which initiated re-investigation into several cases of 1984, pending for over three decades. I am grateful to the Court, which has delivered its judgment, bringing relief to the traumatised families.
— Amit Shah (@AmitShah) December 17, 2018
പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് 2015ല്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതില്‍ താന്‍ നന്ദി പറയുകയാണെന്ന് അമിത് ഷാ മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. മൂന്ന് ദശാബ്ദങ്ങളായി കെട്ടിക്കിടന്ന കേസുകളിലാണ് ഇതുമൂലം പുനരന്വേഷണം ഉണ്ടായതെന്നും അമിത് ഷാ പറഞ്ഞു.