ചെന്നൈ: ‘ഫെതായ് ‘ചുഴലിക്കാറ്റ് ആന്ധ്രാതീരത്തേക്ക് ആഞ്ഞടിച്ചു തുടങ്ങി. ബംഗാള്‍ ഉള്‍ക്കടലിലാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്. ചുഴലിക്കാറ്റില്‍ മണ്ണിടിച്ചിലും അതിശക്തമായ മഴയും ഉണ്ടായി. വിജയവാഡയില്‍ ഒരാള്‍ മരിച്ചു. വിശാഖപട്ടണത്തും സമീപപ്രദേശങ്ങളിലുമായി നിരവധി മരങ്ങള്‍ കടപുഴകി വീണു. കിഴക്കന്‍ ഗോദാവരി ജില്ലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത് അതിശക്തമായ നാശനഷ്ടങ്ങളാണ്.
മണിക്കൂറില്‍ 80-90 കിലോമീറ്റര്‍ വേഗത്തിലാണ് കാകിനാഡ തീരം വഴി കരയില്‍ പ്രവേശിച്ച കാറ്റ് വീശുന്നത്. തീരദേശ ജില്ലകളെയാണ് ചുഴലിക്കാറ്റ് കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഫെയ്തായി 100 കിലോമീറ്റര്‍വരെ വേഗം കൈവരിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ഇതേതുടര്‍ന്ന് ശക്തമായ ജാഗ്രത പുലര്‍ത്തണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദക്ഷിണ റെയില്‍വേ 50ലേറെ ട്രെയിന്‍ സര്‍വ്വീസുകള്‍ പ്രതികൂലമായ കാലാവസ്ഥയെത്തുടര്‍ന്ന് റദ്ദാക്കിയിട്ടുണ്ട്. വിശാഖപട്ടണത്തേക്കുളള വ്യോമയാന സര്‍വ്വീസുകളെയും പ്രതികൂല കാലാവസ്ഥ ബാധിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ചില വിമാനങ്ങള്‍ ഹൈദരാബാദിലേക്ക് തിരിച്ചുവിടുകയായിരുന്നു.
ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി, വിശാഖപട്ടണം, കൃഷ്ണ, ഗുണ്ടൂര്‍ ജില്ലകളിലും പുതുച്ചേരിയുടെ ഭാഗമായ യാനം മേഖലയിലും കടല്‍ കരയിലേക്ക് കയറാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയതോടെ ഞായറാഴ്ച ചെന്നൈയില്‍ ശക്തമായ കാറ്റുണ്ടായിരുന്നു.