ന്യൂഡല്‍ഹി: സര്‍ക്കസില്‍ ഇനി മൃഗങ്ങള്‍ വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കസ് കൂടാരങ്ങളിലെ അവിഭാജ്യഘടകമായ മൃഗങ്ങളെ സര്‍ക്കസിനായി ഉപയോഗിക്കുന്നത് നിരോധിക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. നിലനില്ക്കാന് പെടാപ്പാട് പെടുന്ന സര്‍ക്കസ് മേഖലയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ കരട് ചട്ടം ഇതോടെ വെല്ലുവിളിയാകും.
സര്‍ക്കസിന് മൃഗങ്ങളെ ഉപയോഗിക്കുന്നത് അവയോട് ചെയ്യുന്ന പീഡനമാണ് എന്ന് ആരോപിച്ച് മൃഗസ്നേഹികള്‍ ഒന്നടങ്കം ഇതിനെതിരെ രംഗത്തുണ്ട്. പരിമിതമായ സ്ഥലത്ത് മൃഗങ്ങളെ പാര്‍പ്പിക്കുന്നത് ഇവയോട് ചെയ്യുന്ന ദ്രോഹമാണെന്ന് മൃഗസ്നേഹികള്‍ ആരോപിക്കുന്നു. വന്യജീവികള്‍ക്ക് അവയുടെ ആവാസവ്യവസ്ഥ നിഷേധിക്കുന്നതിന് തുല്യമാണ് ഇതെന്നും മൃഗസ്നേഹികള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതൊക്കെ കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.
ഇത് പ്രാബല്യത്തില്‍ വന്നാല്‍ കടുവ, സിംഹം ഉള്‍പ്പെടെയുളള വന്യമൃഗങ്ങളെ സര്‍ക്കസിനായി ഉപയോഗിക്കുന്നത് വിലക്കും. കൂടാതെ കുതിര, പട്ടി, ആന തുടങ്ങി സര്‍ക്കസിന് ജീവന് പകര്‍ന്ന മൃഗങ്ങളെ ഉപയോഗിക്കുന്നതിനും നിരോധനം വരും. നിലവില്‍ കരട് ചട്ടം സംബന്ധിച്ച് ബന്ധപ്പെട്ടവരുടെ പ്രതികരണം അറിയാന്‍ കേന്ദ്രസര്‍ക്കാര്‍ അവസരം നല്‍കിയിരിക്കുകയാണ്.