ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണുകള്‍ ആധാര്‍ നമ്പര്‍ ഇല്ലാതെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാനാകുമെന്ന് ഡല്‍ഹി ഹൈക്കോടതി. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാനും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിനോടു (സിബിഡിറ്റി) കോടതി നിര്‍ദേശിച്ചു. ആധാര്‍ പാന്‍ നമ്പരുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി 2019 മാര്‍ച്ച് 31 വരെ നീട്ടിയതു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ എസ് രവീന്ദ്ര ഭട്ട്, എകെ ചൗള എന്നിവരുടെ നടപടി.
ആദായ നികുതി റിട്ടേണുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് ആധാര്‍ നമ്പരോ ആധാര്‍ രജിസ്റ്റര്‍ ചെയ്യുന്പോള്‍ കിട്ടുന്ന നമ്പരോ രേഖപ്പെടുത്താതെ മറ്റ് ഓപ്ഷനുകള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.
ആധാര്‍ നിര്‍ബന്ധമാക്കുന്ന വിധത്തിലാണ് ഓണ്‍ലൈന്‍ സജ്ജമാക്കിയിരിക്കുന്നതെന്നും സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയ പരിധി നീട്ടിയിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. മദ്രാസ് ഹൈക്കോടതിയും ഇക്കാര്യത്തില്‍ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.