ചെന്നൈ: പ്രകൃതി ചികിത്സകരുടെ ഉപദേശം ചെവികൊണ്ടും, യു ട്യൂബ് വീഡിയോകള്‍ കണ്ടും പ്രവസം വീട്ടിലാക്കിയ യുവതി രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു. തിരുപ്പൂര്‍ സ്വദേശിയായ കൃതിഗയെന്ന 28കാരിയാണ് മരണപ്പെട്ടത്. പുതുപാളയത്തുള്ള രത്നഗിരീശ്വര്‍ നഗറിലെ വീട്ടില്‍ ഭര്‍ത്താവ് കാര്‍ത്തികേയനൊപ്പം കഴിയുകയായിരുന്നു ഇവര്‍. കൃതിഗ സ്കൂള്‍ അധ്യാപികയാണ്. ഭര്‍ത്താവ് ഒരു വസ്ത്രനിര്‍മ്മാണ ഏജന്‍സിയില്‍ ജോലി ചെയ്ത് വരികയാണ്. ഇരുവര്‍ക്കും മൂന്നുവയസുള്ള ഒരു മകളുണ്ട്.
കൃതിഗ രണ്ടാമത് ഗര്‍ഭിണിയായപ്പോള്‍ പ്രസവം വീട്ടിലാക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഗര്‍ഭിണിയായ യുവതിയെ എങ്ങനെ സഹായിക്കാമെന്ന വീഡിയോകള്‍ യൂട്യൂബില്‍ സ്ഥിരമായി കാണുകയും ചെയ്തിരുന്നു. എന്നാല്‍ പ്രസവശേഷം പ്ലാസന്റ കൃത്യസമയത്ത് പുറത്തുവന്നില്ല. ‘രക്തസ്രാവത്തെ തുടര്‍ന്ന് അവര്‍ മരണപ്പെട്ടു’ എന്ന് നല്ലൂര് പോലീസ് അറിയിച്ചു. രണ്ടുമണിക്ക് പ്രശ്നങ്ങള്‍ തുടങ്ങിയെങ്കിലും മൂന്നരയോടെയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെതിരെ കേസെടുത്തിട്ടുണ്ട്.’ എന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
പ്രകൃതി ചികിത്സയില്‍ വിശ്വസിച്ചിരുന്ന ഇവരുടെ സുഹൃത്തുക്കളാണ് ദമ്പതികളോട് വീട്ടില്‍ പ്രസവിക്കാന്‍ നിര്‍ദേശിച്ചതെന്നാണ് ഹെല്‍ത്ത് ഓഫീസര്‍ കെ ഭൂപതി പറയുന്നത്. പ്രവീണ്‍, ലാവണ്യ ദമ്പതികളാണ് ഇവരോട് പ്രകൃതി ചികിത്സ തുടരാന്‍ നിര്‍ദേശിച്ചത്. കൃതിഗ ഗര്‍ഭിണിയാണെന്ന കാര്യം ഗ്രാമീണ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.