മുംബൈ: തകര്‍ന്ന കെട്ടിടാവശ്ഷിടങ്ങള്ക്കിടയില് നിന്ന് രക്ഷാപ്രവര്‍ത്തകര്‍ അവനെ എടുത്തുയര്‍ത്തുമ്പോഴും അമ്മയുടെ കൈകളില്‍ അവന് സുരക്ഷിതനായിരുന്നു. പക്ഷേ രക്ഷാപ്രവര്‍ത്തനത്തിനിടയിലും അവന് പൊട്ടി കരഞ്ഞു. അവന് അറിഞ്ഞില്ല അവനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച ആ കൈകള്‍ എന്നന്നേക്കുമായി നഷ്ടപ്പെടുകയാണെന്ന്. ദുരന്തത്തില്‍ അകപ്പെടുമ്പോഴും അവനെ മാറോട് ചേര്‍ത്ത് പിടിച്ച് ആ അമ്മ മരണത്തിന് കീഴടങ്ങി.
ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ഭിവണ്ടിയില്‍ ജനവാസകേന്ദ്രത്തില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ഇരുപത്തിരണ്ടുകാരിയായ ഖൈറുന്നിസ മരിച്ചത്. രക്ഷാ പ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തുമ്പോള്‍ ഖൈറുന്നിസ മരിച്ചു, അപ്പോഴും അവരുടെ കൈകള്ക്കുള്ളിലുണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.
എട്ടുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇതില്‍ യുവതിയുടെ ഭര്‍ത്താവിന്റെ അമ്മയും അച്ഛനും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. അനധികൃതമായി നിര്‍മിച്ച കെട്ടിടമാണിത്. കെട്ടിടം തകര്‍ന്നു വീഴുമ്പോള്‍ അടിയില്‍ പെട്ട മറിയം എന്ന ഒമ്പത് വയസുകാരിയെ അടുത്ത ഫ്ളാറ്റിലുള്ള സ്ത്രീ രക്ഷപ്പെടുത്തി. കുട്ടിയുടെ കാലുകളിലേക്കാണ് കെട്ടിടത്തിന്റെ ഭാഗം അടര്‍ന്ന് വീണത്. കുട്ടി അപകടനില തരണം ചെയ്തു.
കെട്ടിടനിര്മാണത്തിനുപയോഗിച്ചത് നിലവാരം കുറഞ്ഞ അസംസ്കൃത വസ്തുക്കളാണെന്ന് ഇവിടത്തെ താമസക്കാര്‍ ആരോപിക്കുന്നു. രണ്ടു വര്‍ഷം മുമ്പ് തന്നെ കെട്ടിടം അപകടനിലയിലാണെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.