ന്യൂഡല്‍ഹി: ഇപ്പോള്‍ തന്നെ കാണുമ്പോള്‍ ബിജെപി നേതാക്കള്‍ രണ്ടടി പിന്നിലേയ്ക്ക് മാറി നില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അവിശ്വാസ പ്രമേയ ചര്ച്ചയിന്മേല് ലോക്സഭയില്‍ നടത്തിയ പ്രസംഗത്തിന് ശേഷം ആദ്യമായി പൊതുവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ ആശയങ്ങളുമായി യോജിക്കാത്തവരോട് വിയോജിപ്പ് സ്വാഭാവികം. അവരോട് ഞങ്ങള്‍ യുദ്ധം ചെയ്യുക തന്നെ ചെയ്യും. എന്നാല്‍ അവരെ വെറുക്കേണ്ട കാര്യമില്ല. മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കരണ്‍ ഥാപ്പറിന്റെ ‘ദ ഡെവിള്‍സ് അഡ്വക്കേറ്റ്’ പുസ്തകപ്രകാശന ചടങ്ങിനിടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം. ചടങ്ങില്‍ മുതിര്‍ന്ന ബിജെപി നേതാവായ എല്‍കെ അദ്വാനിയും പങ്കെടുത്തിരുന്നു.
”നിങ്ങള്‍ക്ക് ആരുമായും യുദ്ധം ചെയ്യാം. എന്നാല്‍ അവിടെ വെറുപ്പ് ഉണ്ടാകണമോ എന്നത് നിങ്ങള്‍ തീരുമാനിക്കുന്നതുപോലെയാണ്. ഞാന്‍ ഏറെ ബഹുമാനിക്കുന്ന അദ്വാനിയുമായി എനിക്ക് വിയോജിപ്പുകളുണ്ടാകാം. ഓരോ സെക്കന്റിലും ഞാന്‍ അദ്ദേഹവുമായി യുദ്ധം ചെയ്തുകൊണ്ടിരിക്കാം. എന്നാല്‍ അദ്ദേഹത്തെ വെറുക്കേണ്ട ഒരു കാര്യവും എനിക്കില്ല. ഞാന്‍ അദ്ദേഹത്തെ ആലിംഗനം ചെയ്തുകൊണ്ട് തന്നെ അദ്ദേഹത്തോട് യുദ്ധം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരണ്‍ സിങ് ഇവിടെ ഉണ്ട്. നമ്മുടെ രാജ്യത്തെ കുറിച്ച് അദ്ദേഹം നമുക്ക് പല കാര്യങ്ങളും പഠിപ്പിച്ചു തന്നിട്ടുണ്ട്. നമ്മുടെ മതത്തെ കുറിച്ചും മറ്റും. അത് നമ്മെ പഠിപ്പിച്ചത് വെറുക്കാനല്ല. എന്റെ സുഹൃത്തായ സീതാറാം യെച്ചൂരി ഇവിടെയുണ്ട്. വെറുപ്പിനെതിരെ ഞങ്ങള്‍ ഒരുമിച്ച് നിന്ന് യുദ്ധം ചെയ്യും. ആശയങ്ങള്‍ക്കെതിരെയാണ് ആ യുദ്ധം. എന്നാല്‍ തന്റെ സുഹൃത്തക്കളായ ബിജെപി നേതാക്കളും ആ രീതിയില്‍ ചിന്തിക്കുന്നുണ്ടോ എന്ന് അറിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.