അമൃത്സര്‍: ഇത്തവണ പഞ്ചാബിലെ സര്‍ക്കാര്‍ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് എത്തിയത് ഇരട്ടി ശമ്പളം. സര്‍ക്കാരിന്റെ ദീപാവലി സമ്മാനം ആണെന്നാണ് പലരും ധരിച്ചത്. എന്നാല്‍ ആ സന്തോഷത്തിന് അല്പ്പമെ ആയുസ്സ് ഉണ്ടായുള്ളു.
എന്നാല്‍ അക്കൗണ്ടിലേക്ക് ഇരട്ടി ശമ്പളം വരാനുള്ള കാരണത്തിന്റെ വിശദീകരണം വൈകാതെ വന്നു. സാങ്കേതിക പ്രശ്നത്തെ തുടര്‍ന്നാണ് അധിക തുക അക്കൗണ്ടിലേക്ക് വന്നതെന്നാണ് വിവരം. അധികമായി ചേര്‍ത്ത തുക ആരും പിന്‍വലിക്കരുതെന്ന് ജീവനക്കാരോട് നിര്‍ദേശിക്കുന്ന അറിയിപ്പും മണിക്കൂറുകള്‍ക്കുള്ളില്‍ വന്നു.
ജില്ലാ ട്രഷറി ഓഫീസര്‍ എ കെ മൈനി എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെ തലവന്മാര്ക്കും അധികമായി ചേര്‍ത്ത തുക ഉടന്‍ തിരിച്ചെടുക്കുമെന്നും അതിനിടയ്ക്ക് ആരും തുക പിന്‍വലിക്കരുതെന്ന നോട്ടീസും അയച്ചു.
അമൃത്സറില് മാത്രമല്ല പഞ്ചാബിലെമ്പാടും പലര്‍ക്കും സോഫ്റ്റ് വെയറിലെ തകരാറിനെ തുടര്‍ന്ന് അധിക തുക ക്രഡിറ്റായി എന്ന് എ കെ മൈനി അറിയിച്ചു. അമൃത്സറില് മാത്രം 50 കോടിയോളം രൂപയാണ് ഇങ്ങനെ അധിക തുകയായി ജീവനക്കാരുടെ അക്കൗണ്ടിലേക്ക് പോയത്.