ന്യൂഡല്‍ഹി: രാഷ്ട്രീയ എതിരാളികളോട് പോരാടണമെന്നും പക്ഷേ അവരോട് വെറുപ്പ് പാടില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചുളള പ്രസംഗത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തതിനെ കുറിച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം.
മാധ്യമപ്രവര്ത്തകന് കരണ്‍ ഥാപ്പറിന്റെ ദി ഡെവിള്‍സ് അഡ്വക്കേറ്റ് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയപ്പോഴായിരുന്നു രാഹുല്‍ തന്റെ രാഷ്ട്രീയ കാഴ്ചപ്പാടിനെക്കുറിച്ച് വിവരിച്ചത്. ചടങ്ങില്‍ എല്‍കെ അദ്വാനിയും പങ്കെടുത്തിരുന്നു.
നിങ്ങള്‍ക്ക് ആരോട് വേണമെങ്കിലും പോരാടാം. പക്ഷേ ഒരാളെ വെറുക്കുകയെന്നത് നിങ്ങളുടെ ചോയ്സാണ്. എനിക്ക് അഡ്വാനിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. അതിനെച്ചൊല്ലി ഞാനദ്ദേഹവുമായി വാക്കുതര്‍ക്കങ്ങള്‍ ഉണ്ടാകും.
പക്ഷേ അതിന്റെ പേരില്‍ ഞാന്‍ അദ്ദേഹത്തെ വെറുക്കേണ്ടതില്ല. അദ്ദേഹത്തെ എനിക്ക് ആലിംഗനം ചെയ്യാം, രാഹുല്‍ പറഞ്ഞു. ഞാന്‍ ആലിംഗനം ചെയ്യുമെന്ന് കരുതി ബിജെപി എംപിമാര്‍ ഇപ്പോള്‍ എന്നെക്കാണുമ്പോള്‍ രണ്ടു സ്റ്റെപ്പ് പുറകിലേക്ക് പോവുകയാണെന്നും തമാശരൂപേണ രാഹുല്‍ പറഞ്ഞു.
എന്റെ സുഹൃത്ത് സീതാറാം യെച്ചൂരി ഇവിടെ ഇരിപ്പുണ്ട്. ഞങ്ങള്‍ ഒരുമിച്ച് നിന്ന് രാഷ്ട്രീയ എതിരാളികളോട് പോരാടും, പക്ഷേ ഞങ്ങള്‍ അവരെ വെറുക്കില്ല. ബിജെപി നേതാക്കളും ഇതേ രീതിയില്‍ ചിന്തിക്കുമോയെന്ന് തനിക്കറിയില്ലെന്നും രാഹുല്‍ പറഞ്ഞു..
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്, കോണ്‍ഗ്രസ് നേതാക്കളായ സല്മാന് ഖുര്‍ഷീദ്, ആര്പിഎന്സിങ്, മുന്‍ വൈസ് പ്രസിഡന്റ് ഹാമിദ് അന്‍സാരി, ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്, എംപിമാരായ നരേഷ് ഗുജ്റാല്‍, അഹമ്മദ് പട്ടേല്‍, ദിഗ്വിജയ് സിങ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.