മധുര: 18 എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിയില്‍ ഹൈക്കോടതി വിധിയ്ക്കെതിരെ എംഎല്‍എമാര്‍ സുപ്രീംകോടതിയിലേയ്ക്ക്. മധുരയില്‍ അമ്മ മക്കള്‍ കഴകം പ്രസിഡന്റ് ടിടിവി ദിനകരന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് സുപ്രീംകോടതിയിലേയ്ക്ക് നീങ്ങാനുള്ള തീരുമാനം എടുത്തത്.
ഇതിനിടെ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ നേരിടാന്‍ തയ്യാറാണെന്നും എംഎല്‍എമാര്‍ പ്രതികരിച്ചു. മുമ്പ് കര്‍ണാടകയിലെ യെദ്യൂരപ്പ സര്‍ക്കാരിന്റെ കാലത്ത് സമാനമായ രീതിയില്‍ എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി ശരി വച്ചിരുന്നു.
പിന്നീട് അവര്‍ക്ക് സുപ്രീംകോടതിയില്‍ നിന്നാണ് നീതി കിട്ടിയതെന്നാണ് എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടുന്നത്. ഭരണപക്ഷം നിയമത്തിന്റെ പഴുതുകളുപയോഗിച്ച് വീണ്ടും മത്സരിയ്ക്കുന്നതില്‍ നിന്ന് വിലക്കാന്‍ സാധ്യതയുണ്ടെന്നും യോഗം വിലയിരുത്തി.
ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിയ്ക്കാന്‍ എംല്എഎമാര് തീരുമാനിച്ചത്. എന്നാല്‍ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവോ, തീരുമാനമോ വരുന്നതിന് മുമ്പ് സര്‍ക്കാരിന്റെ വാദം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ പി ധനപാല്‍ സുപ്രീംകോടതിയില്‍ തടസ്സഹര്‍ജിയും നല്‍കിയിട്ടുണ്ട്.