ബംഗളൂരു: അര്‍ബുദരോഗം മുര്‍ഛിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഉമ്മയെ സന്ദര്‍ശിക്കാന്‍ ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 4 വരെ പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് അനുമതി. ബേംഗളൂരു സ്ഫോടനക്കേസ് വിചാരണകോടതിയില്‍ നല്കിയ ഹരജിയാണ് അനുവദിച്ചത്.
ഉമ്മ അസ്മ ബീവിയെ സന്ദര്‍ശിക്കാന്‍ കരുനാഗപ്പള്ളി അന്‍വാര്‍ശേരിയിലെ തോട്ടുവാല്‍ മന്‍സിലിലേക്ക് പോകാന്‍ അനുമതി തേടിക്കൊണ്ട് കഴിഞ്ഞ ശനിയാഴ്ചയാണ് അബ്ദുള്‍ നാസര്‍ മഅ്ദനി ബംഗളൂരു സ്ഫോടന കേസ് വിചാരണ നടത്തുന്ന പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
ഹര്‍ജിയിലെ ആവശ്യം രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഉമ്മയുടെ ഒരു ഭാഗം തളര്‍ന്നുവെന്നും ഈ സാഹചര്യത്തില്‍ രണ്ടാഴ്ചക്കാലത്തേക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കണമെന്നുമായിരുന്നു.
എന്നാല്‍ ഈ ആവശ്യത്തെ പ്രോസിക്യൂഷന് എതിര്‍ത്തു. ഉമ്മയെ കാണാനെന്ന പേരില്‍ മഅദ്നി കേരളസന്ദര്‍ശനം നടത്താനാണ് പോകുന്നതെന്നും ആവശ്യം അംഗീകരിക്കരുതെന്നും എതിര് സത്യവാങ് മൂലത്തില്‍ പ്രോസിക്യൂഷന് വ്യക്തമാക്കി.
എന്നാല്‍, ഉമ്മയുടെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലാണെന്നു വ്യക്തമാക്കിയുളള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ഹാജരാക്കിയാണ് മഅ്ദനി യാത്രക്കുള്ള അനുമതി തേടിയത്.